KERALALATEST

മകളുടെ പ്രണയവിവാഹത്തിനു സഹായം: ബന്ധുവിനെതിരേ ക്വട്ടേഷന്‍ നല്‍കിയ അമ്മയും അച്ഛനും അറസ്റ്റില്‍

കോഴിക്കോട്: മകളുടെ പ്രണയവിവാഹത്തിന് സഹായിച്ചുവെന്നതിന്റെ പേരില്‍ ബന്ധുവിനെതിരേ അച്ഛനും അമ്മയും ക്വട്ടേഷന്‍ നല്‍കിയത് മൂന്നു തവണ. കോഴിക്കോട് തലക്കുളത്തൂരിലെ അജിതയും അനിരുദ്ധനുമാണ് മൂന്നുവട്ടം ക്വട്ടേഷന്‍ നല്‍കിയത്. വാപ്പോളിത്താഴം കയ്യാലത്തൊടിയില്‍ വസ്ത്രവ്യാപാരം നടത്തി വരികയായിരുന്ന റിനീഷിനെതിരെയാണ് ഇവര്‍ മൂന്നു തവണ ക്വട്ടേഷന്‍ നല്‍കിയത്. ആദ്യം ആലപ്പുഴയിലെ സംഘത്തിനായിരുന്നു ക്വട്ടേഷന്‍. ഇത് പാളിയതോടെ കോഴിക്കോട്ടെ രണ്ട് സംഘങ്ങള്‍ക്കും ഇവര്‍ ക്വട്ടേഷന്‍ നല്‍കി.
തലക്കുളത്തൂര്‍ പാലോറമൂട്ടില്‍ അജിതയുടെയും ഭര്‍ത്താവ് അനിരുദ്ധന്റെയും മകളായ ജാനറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു പഠിച്ചു കൊണ്ടിരിക്കെയാണ് ബന്ധു സ്വരൂപമായി പ്രണയത്തിലായത്. സിംഗപ്പുരില്‍ ജോലി ചെയ്യുകയാണ് സ്വരൂപ്. ഈ പ്രണയബന്ധത്തെ അജിതയും അനിരുദ്ധനും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് വകവെയ്ക്കാതെ ജാനറ്റ് രഹസ്യമായി സ്വരൂപിനെ മൂന്നു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ വിവാഹം ചെയ്തു. സ്വരൂപ് രഹസ്യമായി നാട്ടിലെത്തി രജിസ്റ്റര്‍ ഓഫീസില്‍നിന്ന് വിവാഹം കഴിഞ്ഞശേഷം സിംഗപ്പുരിലേക്ക് മടങ്ങുകയുമായിരുന്നു. ജാനറ്റ് കണ്ണൂരിലേക്കും പോയി. എം.ബി.ബി.എസ് പഠനം കഴിഞ്ഞാലുടനെ ജാനറ്റ് സ്വരൂപിന്റെ അടുത്തേക്ക് പോകുമെന്ന് മനസ്സിലാക്കിയ അജിതയും അനിരുദ്ധനും ഇക്കാര്യങ്ങളില്‍ ജാനറ്റിനെ സഹായിക്കുന്നതെന്ന് കരുതിയ സ്വരൂപിന്റെ സഹോദരി ഭര്‍ത്താവ് റിനീഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
ടെക്‌സ്‌റ്റൈല്‍ സ്ഥാപനം അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ ഡിസംബര്‍ 11ന് വീടിന് മുന്‍വശത്തുവെച്ചായിരുന്നു അക്രമം. അജിതയ്ക്കും അനിരുദ്ധനും പുറമെ ക്വട്ടേഷന്‍ ഏറ്റെടുത്ത അയല്‍വാസി സുഭാഷ് ബെന്നി(38) തലക്കുളത്തൂര്‍ സൗപര്‍ണിക വീട്ടില്‍ അരുണ്‍(27), തലക്കുളത്തൂര്‍ കണ്ടം കയ്യില്‍ വീട്ടില്‍ അശ്വന്ത്(22), അന്നശ്ശേരി കണിയേരി മീത്തല്‍ അവിനാഷ്(21), തലക്കുളത്തൂര്‍ പുലരി വീട്ടില്‍ ബാലുപ്രണവ്(22) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്‍ എസ്.ഐ ഷാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 11ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു റിനീഷിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് ക്വട്ടേഷന്‍ സംഘം ഒത്തുകൂടിയത്. മദ്യപിച്ചശേഷം രണ്ട് ബൈക്കുകളിലായി വാപ്പോളി താഴത്ത് റിനീഷിനെ കാത്ത് നില്‍ക്കുകയും റിനീഷ് എത്തിയതോടെ ബൈക്ക് തടഞ്ഞ് നിര്‍ത്തുകയുമായിരുന്നു. ഹെല്‍മെറ്റ് അഴിക്കാന്‍ ആവശ്യപ്പെട്ട ശേഷം വീട്ടുപേര് ചോദിച്ച് ഉറപ്പിച്ചാണ് സംഘം ഇരുമ്പ് വടികൊണ്ട് അടിച്ചത്.
അടിച്ച് വീഴ്ത്തിയശേഷം മാരകായുധങ്ങള്‍കൊണ്ട് വെട്ടുകയും ചെയ്തു. അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടില്‍നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 21 തുന്നലുകളുണ്ടായിരുന്നു. സംഭവ ശേഷം പൊള്ളാച്ചിയിലേക്ക് മുങ്ങിയ പ്രതികള്‍ കയ്യിലെ പണം തീര്‍ന്നതോടെ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതറിഞ്ഞ പോലീസ് ചേമഞ്ചേരിയിലെ രഹസ്യ സങ്കേതത്തില്‍ ഒത്ത് കൂടിയ പ്രതികളെ പിടികൂടുകയുമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker