KERALABREAKING NEWSLATEST

മകളെ തിരികെ കൊണ്ടുവരൂ, എന്നിട്ട് നിയമ നടപടികള്‍ സ്വീകരിച്ചോളൂ: ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മയുടെ വൈകാരിക പ്രതികരണം. ഐഎസ് ഭീകരരുടെ വിധവകളായ നാലു മലയാളി യുവതികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഇന്ത്യയിലേയ്ക്ക് നിമിഷയെ തിരിച്ചെത്തിച്ച ശേഷം നിയമനടപടികള്‍ തുടരണമെന്ന നിലപാടായിരുന്നു ബിന്ദു സ്വീകരിച്ചിരുന്നത്. കൂടാതെ മാസങ്ങള്‍ക്കു മുന്‍പ് റോ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ട ശബ്ദരേഖയില്‍ നിമിഷ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്നു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തടവില്‍ കഴിയുന്നവരെ അതതു രാജ്യങ്ങളിലേയ്ക്ക് നാടുകടത്താന്‍ അഫ്ഗാന്‍ ഭരണകൂടം സന്നദ്ധമായതിനു പിന്നാലെ കുടുംബം പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇവരെ തിരിച്ചെത്തിച്ചേക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുക.
ഇന്ത്യക്കാരി എന്ന നിലയില്‍ തന്റെ മനുഷ്യാവകാശമല്ലേ ഇതെന്നാണ് ബിന്ദു ചോദിച്ചത്. ‘ഞാന്‍ ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ പോലും ഇന്ത്യ വിടുന്നതിനു മുന്‍പ് അന്നത്തെ കേരള സര്‍ക്കാരിനെയും പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ? എന്തുകൊണ്ട് അവര്‍ തടഞ്ഞില്ല. എല്ലാം കഴിഞ്ഞ് കൈയ്യിലെത്തിയിട്ട് എന്റെ മകളെ എന്തിനാണ് ഇങ്ങനെ കൊല്ലാന്‍ വിടുന്നത്?’ ബിന്ദു ചോദിച്ചു. സെപ്റ്റംബര്‍ 11ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്നും ബിന്ദു ചൂണ്ടിക്കാട്ടി.
യുഎസ് സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്നതോടെ താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രസംഘടനകള്‍ക്കായിരിക്കും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം. എന്നാല്‍ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ ജയിലുകളില്‍ കഴിയുന്നവരെ തിരിച്ചയയ്ക്കാന്‍ അഫ്ഗാന്‍ ഭരണകൂടം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിന്ദുവിന്റെ പ്രതികരണം.
അതേസമയം, അവര്‍ ഇപ്പോഴും അപകടകാരികളാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെപ്പറ്റി അറിയില്ലെന്ന് ബിന്ദു പറഞ്ഞു. ഇതെല്ലാം ചെയ്യേണ്ടത് സര്‍ക്കാരാണ്. ഐഎസിലേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇപ്പോഴും ഇന്ത്യയില്‍ കഴിയുന്നില്ലേയെന്ന് ബിന്ദു ചോദിച്ചു. നിമിഷ ഫാത്തിമയും മകളും അടക്കമുള്ളവര്‍ സെപ്റ്റംബര്‍ 11നു ശേഷം ബോംബ് ഭീഷണിയുടെ നടുവിലായിരിക്കുമെന്നും ബിന്ദു ചൂണ്ടിക്കാട്ടി.
മകള്‍ അഫ്ഗാന്‍ ജയിലിലുണ്ടെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായെന്നും എന്നാല്‍ മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ലെന്നും ബിന്ദു പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് അടക്കം മെയില്‍ അയച്ചു. അഫ്ഗാന്‍ സര്‍ക്കാര്‍ യുവതികളെ തിരിച്ചയയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കാത്തത് ഇന്ത്യക്കാരി എന്ന നിലയില്‍ തന്നെ ഞെട്ടിച്ചെന്നും ബിന്ദു വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker