ഓരോ സ്ഥാപനത്തിലും വിവിധ തരത്തിലുള്ള ലീവുകള്‍ ഉണ്ടാവും. അത് സിക്ക് ലീവാവാം, കാഷ്വല്‍ ലീവാവാം, പ്രിവിലേജ് ലീവാവാം അങ്ങനെ പലതുമാവാം. ഒരാള്‍ക്കും ലീവെടുക്കാതെ ഒരു സ്ഥാപനത്തില്‍ കാലാകാലം ജോലി ചെയ്യാന്‍ സാധിക്കണമെന്നില്ല. നമ്മുടെ പല ആവശ്യങ്ങള്‍ക്കും നമുക്ക് ലീവുകള്‍ ആവശ്യമായി വരും. ഇനി കുട്ടികള്‍ ഉള്ളവരാണെങ്കില്‍ അവര്‍ക്ക് സ്‌കൂളില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍, അസുഖം വന്നാല്‍ ഒക്കെ മാതാപിതാക്കള്‍ക്ക് ലീവുകള്‍ എടുക്കേണ്ടി വരും. എന്നാല്‍, അങ്ങനെ ലീവെടുക്കാന്‍ പാടില്ല എന്ന് പറയുന്ന ഒരു നോട്ടീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴി തെളിച്ചിരിക്കുന്നത്.
റെഡ്ഡിറ്റ് ഫോറം ആന്റിവര്‍ക്കിലാണ് ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. അതില്‍ പറയുന്നത്, തൊഴിലാളികളുടെ മക്കള്‍ക്ക് അസുഖമാണ് എന്നത് ജോലിക്ക് വരാതിരിക്കാനുള്ള ഒരു കാരണമായി കാണാന്‍ സാധിക്കില്ല എന്നാണ്.
”നിങ്ങളുടെ കുട്ടിക്ക് അസുഖമാണ് എന്നത് ജോലിക്ക് വരാതിരിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. ഞങ്ങള്‍ നിങ്ങളുടെ കുട്ടികളെ ജോലിക്കെടുക്കുന്നില്ല, അതിനാല്‍ അവരുടെ അസുഖം നിങ്ങള്‍ക്ക് ജോലിക്ക് വരാതിരിക്കാനുള്ള ഒരു ഒഴികഴിവുമല്ല. ഗോ, ടീം!” എന്നാണ് നോട്ടീസില്‍ എഴുതിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റും പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.
വിഡ്ഢിയായ തൊഴിലുടമ എന്നാണ് ഒരാള്‍ ഈ നോട്ടീസ് പതിച്ചിരിക്കുന്നവരെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ അനാഥരായ ആളുകളെ ജോലിക്കെടുക്കുന്നതായിരിക്കും നല്ലത് എന്നും ആ യൂസര്‍ തന്റെ കമന്റില്‍ പറയുന്നു. ഇങ്ങനെയൊക്കെ നിയമം വച്ചാല്‍ ആളുകള്‍ മറ്റെന്തെങ്കിലും കള്ളം പറഞ്ഞ് ലീവെടുക്കും എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയത്. സ്വന്തം കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ലീവെടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും എന്നാണ് മറ്റ് ചിലര്‍ ചോദിച്ചത്.