ഓരോ രാജ്യത്തിനും അവരവരുടേതായ പാരമ്പര്യങ്ങളും വിശ്വാസങ്ങളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ആ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തികളുടെ ജീവിത രീതികളും. പാശ്ചാത്യ രാജ്യങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ പരസ്യമായി ചുംബിക്കുന്നതും പരസ്യമായി പ്രണയ നിമിഷങ്ങള്‍ പങ്കിടുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ പ്രണയം പങ്കിടുന്നത് അനുവദനീയമല്ലാത്ത രാജ്യങ്ങളാണ് ഏറെയും. അതേസമയം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പാരമ്പര്യം ജപ്പാനിലുണ്ട്. അവിടെ ദമ്പതികള്‍ക്ക് അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഏറ്റവും സന്തോഷത്തോടെ ചെലവഴിക്കുന്നതിന് സഹായകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ‘ലൗ ഹോട്ടലുകള്‍’ ധാരാളമായി കാണാന്‍ കഴിയും. ദമ്പതികള്‍ക്ക് മാത്രമായി പ്രവേശനം അനുവദിച്ചിട്ടുള്ള ഈ പ്രണയ ഹോട്ടലുകളില്‍ അവര്‍ക്ക് അവരുടെ സ്വകാര്യ സമയങ്ങള്‍ ചെലവഴിക്കാം. പതിനേഴാം നൂറ്റാണ്ട് മുതലുള്ള ചരിത്രം ഈ ഹോട്ടലുകള്‍ക്കുണ്ട്.
ഇത്തരം നിരവധി ഹോട്ടലുകള്‍ ഇന്നും ജപ്പാനില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഹോട്ടലുകള്‍ ദിവസം മുഴുവനുമായോ ഏതാനും മണിക്കൂറുകള്‍ മാത്രമായോ ബുക്ക് ചെയ്യാം. ഈ ഹോട്ടലുകള്‍ അവരുടെ അതിഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നു. വിവാഹിതരായ നിരവധി ദമ്പതികള്‍ തങ്ങളുടെ നല്ല നിമിഷങ്ങള്‍ ഒരുമിച്ചാസ്വദിക്കാന്‍ ഈ ഹോട്ടലുകള്‍ ഇന്നും സന്ദര്‍ശിക്കാറുണ്ട്.
പുരാവസ്തു ഗവേഷകയും പര്യവേക്ഷകയുമായ ആനിക മാന്‍ അടുത്തിടെ @dostcast.daily എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത പോഡ്കാസ്റ്റില്‍ ഈ പ്രണയ ഹോട്ടലുകളെക്കുറിച്ച് വിശദമാക്കുന്നു. ജപ്പാനിലെ വീടുകള്‍ ചെറുതാണെന്നും കടലാസും മരവും കൊണ്ടാണ് അവയില്‍ പലതും നിര്‍മ്മിച്ചിരിക്കുന്നതെന്നും വീഡിയോയില്‍ അവര്‍ വിശദീകരിക്കുന്നു. കുട്ടികളോടും പ്രായമായ അംഗങ്ങളോടുമൊപ്പം താമസിക്കുന്ന ദമ്പതികളാണെങ്കില്‍, അവര്‍ക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള സ്വകാര്യ ഇടം വീട്ടിലുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്ക് ഇത്തരം പ്രണയ ഹോട്ടലുകള്‍ ഉപയോഗിക്കാം. ഇത്തരം ഹോട്ടലുകളുടെ റിസപ്ഷനില്‍ മറ്റ് മനുഷ്യ ഇടപെടലുകള്‍ ഒന്നുമില്ലാതെ തന്നെ, ആളുകള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട റൂം തെരഞ്ഞെടുക്കാന്‍ കഴിയുന്ന സ്‌ക്രീനുകളും ലഭ്യമാണ്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന റൂമുകളില്‍ മറ്റ് മനുഷ്യരുടെ ഇടപെടലുകളൊന്നുമില്ലാതെ നേരിട്ട് മുറിയില്‍ എത്തിക്കുന്ന ഭക്ഷണവും ദമ്പതികള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.
ഇത്തരം പ്രണയ ഹോട്ടലുകളില്‍ ഒരു രാത്രി തങ്ങാന്‍ ഒരാള്‍ക്ക് 4,000 യെന്‍ (ഏകദേശം 2,285.43 രൂപ) മുതല്‍ 8,000 യെന്‍ (ഏകദേശം 4,570.86 രൂപ) വരെ ചിലവാകും. 17-ാം നൂറ്റാണ്ട് മുതല്‍ ഈ പ്രണയ ഹോട്ടലുകള്‍ ജപ്പാനില്‍ സജീവമാണ്. ‘ടോക്കുഗാവ കുടുംബം’ ഭരിച്ചിരുന്ന അക്കാലത്ത് ടോക്കിയോ നഗരം ‘എഡോ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് ചായക്കടകളും സത്രങ്ങളും പണമടച്ചുള്ള പ്രണയത്തിനായി ആളുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം, 1958 മുതല്‍, ഈ രീതി ജപ്പാനില്‍ നിയമവിരുദ്ധമായിത്തീര്‍ന്നു. കാലക്രമേണ ചില ഹോട്ടലുകള്‍ വീണ്ടും പഴയ പാരമ്പര്യത്തിലേക്ക് തിരിച്ച് പോയി, ദമ്പതികള്‍ക്കുള്ള പ്രണയ ഹോട്ടലുകളായി രൂപാന്തരപ്പെട്ടു.
52 1 minute read