BREAKINGNATIONAL

മണിപ്പൂരില്‍ വെടിവെയ്പ്പും സ്ഫോടനവും; സ്ത്രീ ഉള്‍പ്പെടെ രണ്ടുമരണം, 10 പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വെടിവെയ്പ്പിലും സ്ഫോടനത്തിലുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസ്സുകാരിയായ മകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പോലീസുകാരും ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറും ഇക്കൂട്ടത്തിലുണ്ട്. ഇംഫാലിലെ പടിഞ്ഞാറ് മേഖലയില്‍ ഞായറാഴ്ച കുക്കി വിഭാഗം സായുധര്‍ നടത്തിയതെന്ന് സംശയിക്കുന്ന വെടിവെയ്പ്പിലാണ് ദാരുണ സംഭവങ്ങളുണ്ടായത്.
ഗന്‍ബം സുര്‍ബല എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇദ്ദേഹത്തെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. വെടിവെയ്പ്പില്‍ ഇവരുടെ 12 വയസ്സുള്ള മകള്‍ക്ക് വലതുകൈക്ക് വെടിയേറ്റ് പരിക്കേറ്റു. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ വീടുകള്‍ അഗ്‌നിക്കിരയായിട്ടുണ്ട്. നിരവധി ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അക്രമികള്‍ ഒളിഞ്ഞിരുന്നാണ് വെടിവെയ്പ്പ് നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് ജനവാസ കേന്ദ്രത്തില്‍ ബോംബുകളും വര്‍ഷിച്ചു. ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് ഏഴര വരെയായി അഞ്ചര മണിക്കൂര്‍ അക്രമം നീണ്ടു. പ്രദേശത്ത് ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഉയര്‍ന്ന നിലവാരമുള്ള ഡ്രോണുകള്‍ ഉപയോഗിച്ചാണ് ബോംബുകള്‍ വര്‍ഷിച്ചതെന്ന് മണിപ്പുര്‍ പോലീസ് പറഞ്ഞു. ഏകദേശം ഏഴ് ബോംബുകളോളം ഇത്തരത്തില്‍ ഉപയോഗിച്ചതായും പോലീസ് അറിയിച്ചു.
മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കാരണം സംഘര്‍ഷകലുഷിതമായിരുന്നു മണിപ്പൂര്‍. 2023-ലാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ തോതിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നില്ല.

Related Articles

Back to top button