ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ഇന്നലെ മെയ് തെ അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലില്‍ അടക്കം വലിയ സംഘര്‍ഷമാണ് ഉണ്ടായത്. സംഘര്‍ഷത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു.
ഇതിനിടെ ക്യാങ് പോപ്പിയില്‍ കാണാതായ മുന്‍ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തെ മെയ് തൈ സംഘടനകള്‍ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. കുക്കികളെ വംശഹത്യ നടത്താന്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി.
അതേസമയം, മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. ഡ്രോണുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയോട് സ്ഥിതി വിശദീകരിച്ചു. രാഷ്ട്രപതി ഭരണം ആലോചനയില്‍ ഇല്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്.സംഘര്‍ഷം തുടരുമ്പോഴും പ്രധാനമന്ത്രിയുടെ മൗനം പൊറുക്കാനാകാത്തത് ആണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
46 Less than a minute