BREAKING NEWSKERALALATEST

മണിയൂരില്‍ വീടിന്റെ ടെറസില്‍ സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂര്‍ ഐ.എച്ച്.ഡി.പി. കോളനിയില്‍ വീടിന്റെ ടെറസിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മൂഴിക്കല്‍ മീത്തല്‍ മണിക്കുട്ടന്‍ എന്ന ഹരിപ്രസാദിനാണ് (28) പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി.ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നു ഇയാള്‍. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വന്‍ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായത്. ശബ്ദംകേട്ട് ഓടിയെത്തിയവര്‍ ഹരിപ്രസാദിനെ ഉടന്‍തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടേക്ക് മാറ്റി. ഇരുകൈപ്പത്തികള്‍ക്കും പരിക്കുണ്ട്.
സ്‌ഫോടനംനടന്ന സ്ഥലത്ത് രക്തവും മാംസത്തിന്റെ അവശിഷ്ടങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഓലയുടെ അവശിഷ്ടങ്ങളുമുണ്ട്. പൊട്ടിയത് ബോംബാണോ പടക്കമാണോ എന്നത് പരിശോധിച്ചുവരുകയാണ്. സ്‌ഫോടകവസ്തുനിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന സംശയത്തിലാണ് പോലീസ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തി. വീടിന് കേടുപാടൊന്നും പറ്റിയിട്ടില്ല. സ്‌ഫോടനം നടക്കുമ്പോള്‍ ഹരിപ്രസാദിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു.
ഏതെങ്കിലുംതരത്തിലുള്ള രാഷ്ട്രീയസംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയല്ല ഇത്. സംഭവം നാട്ടുകാരെ നടുക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി വടകര ഡിവൈ.എസ്.പി. അബ്ദുള്‍ ഷെറീഫ് പറഞ്ഞു. ഡിവൈ.എസ്.പി.ക്കുപുറമേ വടകര എസ്.ഐ. എം. നിജീഷിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്തെത്തി. സംഭവമറിഞ്ഞ് ഒട്ടേറെ നാട്ടുകാരും തടിച്ചുകൂടി. അതേസമയം, നാലുവര്‍ഷമായി ആര്‍.എസ്.എസുമായി ഒരുതരത്തിലുമുള്ള ബന്ധവും ഇയാള്‍ക്കില്ലെന്ന് ആര്‍.എസ്.എസ്. വടകര കാര്യകാരി അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker