KERALANEWS

മണ്ണിൽ പുതഞ്ഞ് ​ഗ്യാസ് സിലിണ്ടറുകൾ, പരിശോധന കരുതലൊടെ

 

വയനാട് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ഏഴാം നാളത്തെ തെരച്ചിലാണ് ഇന്ന് തുടങ്ങിയത്. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം.

തെരച്ചില്‍ നടത്തുന്ന ഓരോ ടീമിലും ഫയർ ഫോഴ്സ്, എസ്ഡി ആർഎഫ്, എൻഡിആർഎഫ് എന്നിവരുമുണ്ട്.കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. രക്ഷപ്പെട്ടവരോ ബന്ധുക്കളോ എത്തി മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് പറയുന്ന ഇടങ്ങളിലും തെരച്ചിൽ നടക്കും. ഇന്ന് തമിഴ്നാടിന്‍റെ സംഘവും സഹായത്തിന് എത്തിയിട്ടുണ്ട്. തമിഴ്നാടിന്‍റെ അഞ്ച് കെഡാവര്‍ ഡോഗുകളെ ഇന്നത്തെ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

അതേസമയം, നിറഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ തെരച്ചിലിന് വെല്ലുവിളിയാകുകയാണ്. പല വീടുകളിൽ നിന്നും കടകളിൽ നിന്നും ഒഴുകി വന്ന 27 ഗ്യാസ് സിലിണ്ടറുകളാണ് മണ്ണ് നീക്കം ചെയ്തപ്പോള്‍ ലഭിച്ചത്. മണ്ണില്‍ പുതഞ്ഞ് ഇനിയും സിലിണ്ടറുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ കരുതലോടെയാണ് ഉപയോഗിക്കുന്നത്. ലഭിച്ച സിലിണ്ടറുകള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button