തിരുവനന്തപുരം: സംസ്ഥാനത്ത് 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മഴ സാധ്യത പ്രവചനത്തില്‍ പറയുന്നു. മണ്‍സൂണ്‍ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നു. മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുന്നു.
കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ മലയോര മേഖലയിലും മാവൂര്‍ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷം. നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂര്‍, മുക്കം മേഖലകളിലാണ് മഴക്കെടുതി രൂക്ഷം. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചാത്തമംഗലത്ത് പതിനഞ്ച് കുടുംബങ്ങളേയും മാറ്റി, മാവൂരില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തെങ്ങിലക്കടവ്, ആമ്പിലേരി ,വില്ലേരി താഴം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടെ ഗതാഗത തടസ്സവും രൂക്ഷമാണ്. വെള്ളം കയറിയ റോഡുകള്‍ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ബദല്‍ റോഡുകളിലൂടെ ഗതാഗതം തിരിച്ചു വിട്ടു.
തൃശൂര്‍ വില്ലടത്തെ വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. മാടക്കത്തറ പഞ്ചായത്തിലെയും തൃശൂര്‍ കോര്പറേഷനിലെ വില്ലടം ഡിവിഷന്‍ പ്രദേശത്തെയും 30ലധികം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തൃശൂര്‍ ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്.
പീച്ചി ഡാമിന്റെ 4 സപ്പില്‍വേ ഷട്ടറുകള്‍ 145 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുള്ളതാണ്. മഴ തീവ്രമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. വാഴാനി ഡാമിന്റെ നാലു ഷട്ടറുകള്‍ 70 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുള്ളതാണ്. പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകള്‍ 6 സെന്റീമീറ്റര്‍ വീതവും തുറന്നിട്ടുള്ളതാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്. തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു ഒഴുക്കുന്നു. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
54 1 minute read