BREAKINGKERALA

മതത്തിന്റെ പേരില്‍ എന്തുമാകരുത്;പൂര്‍ണത്രയീശ ക്ഷേത്രം എഴുന്നള്ളത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : തൃപ്പുണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണി ക്ഷേത്രത്തിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ക്ഷേത്രത്തില്‍ നടന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ക്ഷേത്ര ഭരണസമിതിക്കെതിരേ വനംവകുപ്പും കേസെടുത്തിരുന്നു. 15 ആനകളെയാണ് ക്ഷേത്രത്തിലെ ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. ഈ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആളുകളും ആനകളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും പാലിക്കണമെന്ന ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം ക്ഷേത്രം ലംഘിച്ചെന്ന പേരിലായിരുന്നു കേസ്. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയും വിഷയത്തില്‍ വീണ്ടും ഇടപെട്ടത്. ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
സുരക്ഷ മുന്‍നിര്‍ത്തിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് മനസിലാക്കാത്തത് എന്തുകൊണ്ടാണെന്നും സാമാന്യ ബുദ്ധി പോലുമില്ലേ എന്നും ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. ദേവസ്വം ഭാരവാഹികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, പി,ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Related Articles

Back to top button