ജക്കാര്‍ത്ത: സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്താന്‍ മതത്തെ ഉപയോഗിക്കുന്നതിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്‍ഡൊനീഷ്യയിലെ ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറും ഒരുമിച്ചു മുന്നറിയിപ്പു നല്‍കി.ഇന്‍ഡൊനീഷ്യ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ വ്യാഴാഴ്ച ജക്കാര്‍ത്തയിലെ ഇസ്തിഖ്ലാന്‍ പള്ളി സന്ദര്‍ശിച്ചവേളയിലാണ് സംയുക്ത മുന്നറിയിപ്പുണ്ടായത്. ‘മാനവരാശിക്കായി മതസൗഹാര്‍ദം’ എന്ന പ്രഖ്യാപനത്തില്‍ ഇരുവരും ഒപ്പിട്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ് ഇസ്തിഖ്ലാല്‍.
ലോകമെങ്ങും വ്യാപകമായ അക്രമത്തിനും സംഘര്‍ഷങ്ങള്‍ക്കും മതത്തെ ഇന്ധനമാക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രഖ്യാപനം പറയുന്നു. എല്ലാ മനുഷ്യരുടെയും അന്തസ്സ് പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ളതാകണം മതമെന്നും പ്രഖ്യാപനം അഭിപ്രായപ്പെടുന്നു.ഇന്‍ഡൊനീഷ്യയിലെ ആറ് അംഗീകൃത മതങ്ങളുടെ നേതാക്കള്‍ക്കുമുമ്പില്‍ നടത്തിയ പ്രസംഗത്തില്‍ ഐക്യത്തിന്റെ സന്ദേശമാണ് മാര്‍പാപ്പ നല്‍കിയത്. ”നാമെല്ലാവരുടെ സഹോദരങ്ങളാണ്. ഏതു വ്യത്യാസത്തിനുമപ്പുറം നാമെല്ലാം സ്വന്തം ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീര്‍ഥാടകരാണ്”-അദ്ദേഹം പറഞ്ഞു.പള്ളിയില്‍ നടന്ന ചടങ്ങുകളില്‍ ഖുറാനും ബൈബിളും പാരായണം ചെയ്തു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ജക്കാര്‍ത്തയിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ മാര്‍പാപ്പയര്‍പ്പിച്ച ദിവ്യബലിയില്‍ എണ്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു.
ഏഷ്യാ-പസഫിക് രാജ്യങ്ങളില്‍ മാര്‍പാപ്പ നടത്തുന്ന 12 ദിനസന്ദര്‍ശനത്തിന്റെ ഭാഗമാണ് ഇന്‍ഡൊനീഷ്യയിലേത്. പാപ്പുവ ന്യൂഗിനി, ടിമോര്‍ ലെസ്റ്റെ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും
53 Less than a minute