
ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് ടോക്കൽ ലഭിക്കുന്നവർ മാത്രം മദ്യം വാങ്ങാൻ എത്തിയാൽ മതിയെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബുക്കിംഗിൽ അനുമതി ലഭിക്കാത്തവർ മദ്യം വാങ്ങാൻ എത്തരുതെന്നും മന്ത്രി പറഞ്ഞു. ബിയർ, വൈൻ പാർലർ വഴിയാകും മദ്യ വിതരണം. പ്രത്യേക കൗണ്ടർ വഴി പാഴ്സലായി മദ്യം നൽകും. ബാറിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അൽപസമയത്തിനുള്ളിൽ ബെവ്ക്യൂ ആപ്പ് പ്രവർത്തന സജ്ജമാകും. നാളെ രാവിലെ ഒൻപത് മണി മുതൽ മദ്യം ലഭിച്ച് തുടങ്ങും. വൈകീട്ട് അഞ്ച് മണി വരെയാണ് വിൽപന. ഒരു സമയം അഞ്ച് പേർക്കായിരിക്കും മദ്യം നൽകുകയ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കണം മദ്യം വാങ്ങാൻ എത്തേണ്ടത്. മദ്യം വിതരണം ചെയ്യുന്നവർക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ സോപ്പും വെള്ളവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചത്. കഴിയാവുന്ന വേഗത്തിൽ നടപ്പാക്കാനാണ് ശ്രമിച്ചത്. ആപ്പിന് വേണ്ടി ഐടി മിഷൻ, സിഡിറ്റ്, സ്റ്റാർട്ടഫ് മിഷൻ അംഗങ്ങൾ ഒരുമിച്ചു. കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷനെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത്. വിദഗ്ധ സമിതിയാണ് ഫെയർകോഡിനെ തെരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 301 ബിവറേജസ് ഔട്ട്ലെറ്റുകൾ ആണ് പ്രവർത്തിക്കുന്നത്. 360 ബിയർ, വൈൻ പാർലറുകളുണ്ട്. ഇതിൽ 291 പേർ പുതിയ രീതിയിൽ മദ്യ വിൽപന നടത്താൻ സന്നദ്ധരായി രംഗത്തെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.