BREAKING NEWSLATESTNATIONAL

മദ്യം വാങ്ങിച്ചു കുടിച്ച ശേഷം ആള്‍ദൈവം തന്നെ പൂട്ടിയിട്ടു മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവാവ്

പഞ്ച്കുല: സ്വയംപ്രഖ്യാപിത ആള്‍ദൈവം തന്നെ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി യുവാവ രംഗത്ത്. ചണ്ഡിഗഡ് സ്വദേശിയായ യുവാവാണ് ഒരു ആള്‍ദൈവത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇയാള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ബൈക്ക് തീവെച്ചു നശിപ്പിച്ചെന്നും യുവാവ് ആരോപിച്ചു. ചണ്ഡിഗഡിലെ ഭോലേനാഥ് ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
മണിമര്‍ജ സ്വദേശിയായ രാജ്കുമാര്‍ സിങ് ആണ് ബാബാ ഗുലാബ് സിങ് എന്ന ആള്‍ദൈവത്തിനെതിര പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറുയന്നത്. തന്നോട് ബാബാ ഗുലാബ് സിങും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനായ മണി എന്നയാളും ചേര്‍ന്ന് മദ്യം കൊണ്ടു വരാന്‍ പറഞ്ഞു വിടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ മദ്യപിച്ചതിനു ശേഷം ഇവര്‍ തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടതായി യുവാവ് ആരോപിച്ചു.
തന്നെ മുറിയില്‍ തന്നെ തടഞ്ഞു വെക്കുകയും ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാബാ ഗുലാബ് സിങ് തനന്റെ ഇടതുതോളില്‍ സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് ഇടിച്ചതായും യുവാവ് ആരോപിച്ചു. തന്നെ കൊന്ന് അടുത്തുള്ള കിണറ്റില്‍ തള്ളുമെന്ന് ഇരുവരും ഭയപ്പെടുത്തിയതു കൊണ്ടാണ് പോലീസില്‍ സമീപിക്കാതിരുന്നതെന്നും യുവാവ് പറഞ്ഞു. തന്റെ ബൈക്ക് ഇവര്‍ തീവെച്ചു നശിപ്പിച്ചെന്നും മൊബൈല്‍ ഫോണ്‍ പൊട്ടിച്ചു കളഞ്ഞതായും യുവാവ് വ്യക്തമാക്കി. താന്‍ കഷ്ടിച്ചാണ് സ്ഥലത്തു നിന്ന് രക്ഷപെട്ടതെന്നും രാജ്കുമാര്‍ അറിയിച്ചു.
സ്ഥലത്തു നിന്നു രക്ഷപെട്ടതോടെ യുവാവ് പഞ്ച്കുല പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന സ്ഥലം തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്ന് അറിയിച്ച പോലീസ് ഇദ്ദേഹത്തെ മടക്കിയയച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ചണ്ഡിമന്ദിര്‍ പോലീസ് സ്റ്റേഷനിലെത്തി ഇദ്ദേഹം പരാതി നല്‍കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പോലീസ് രണ്ട് പേര്‍ക്കെതിരെ കേസടുത്തിട്ടുണ്ട്.
ചണ്ടിഗഡ് മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് താന്‍ ജോലി ചെയ്യുന്നതെന്നാണ് യുവാവ് പോലീസിനോടു പറഞ്ഞത്. താന്‍ കഴിഞ്ഞ നാലഞ്ചു മാസമായി ഈ ക്ഷേത്രത്തില്‍ വരാറുണ്ടെന്നും പത്തോ പതിനഞ്ചോ ദിവസം കൂടുമ്പോള്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും യുവാവ് പറയുന്നു. ചിലപ്പോഴൊക്കെ ബാബ തന്നോട് ഭക്ഷണവും പലചരക്ക് സാധനങ്ങളും വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞിട്ടുണ്ടെന്നും താന്‍ അത് സന്തോഷത്തോടെ ചെയ്തിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. ബാബായില്‍ ഉള്ള വിശ്വാസം മൂലമാണ് ഇയാള്‍ക്കു വേണ്ടി മദ്യം വാങ്ങിക്കൊണ്ടു വന്നു നല്‍കിയതെന്നും യുവാവ് പറഞ്ഞു.
ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker