BREAKING NEWSLATESTNATIONAL

മദ്യപാനിയായ ഭര്‍ത്താവുമായി തര്‍ക്കം; രണ്ട് മക്കളെയും കൊന്ന് യുവതി ജീവനൊടുക്കി

ഈറോഡ്: മദ്യത്തിനടിമയായ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവില്‍ മകളെയും മകനെയും വിഷം നല്‍കി കൊന്ന് യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് യുവതി മക്കളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പി ശശികല (33) എന്ന യുവതിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. നിതിന്‍ ശങ്കര്‍ (12), സുദര്‍ശന (10) എന്നിവരാണ് കൊല്ലപ്പെട്ടത്. ശശികലയുടെ ഭര്‍ത്താവായ കെ പ്രഭു (40) കൂലിപ്പണിക്കാരനാണ്. തിങ്കളാഴ്ച ഇയാള്‍, മദ്യം വാങ്ങുന്നതിനായി ഭാര്യയോട് പണം ചോദിച്ചിരുന്നു. ഈ സമയത്ത് മദ്യപാനത്തില്‍ നിന്ന് പിന്മാറണമെന്ന് ശശികല ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ തള്ളിയ ഇയാള്‍ പുറത്ത് പോവുകയും മദ്യം വാങ്ങുകയും ചെയ്തു.
അന്ന് രാത്രിയില്‍ പണം നല്‍കാത്തതിനെച്ചൊല്ലി പ്രഭു ശശികലയുമായി വഴക്കിട്ടു. ഇതിനെത്തുടര്‍ന്നാണ് മക്കളെ കൊന്ന് ജീവനൊടുക്കാന്‍ യുവതി തീരുമാനിക്കുന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി രണ്ട് മക്കള്‍ക്കും നല്‍കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഉറങ്ങാന്‍ കിടന്നെങ്കിലും അര്‍ദ്ധരാത്രിയോടെ അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയായിരുന്നു.
അയല്‍വാസികളെത്തിയാണ് മൂവരെയും ഈറോഡ് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ മൂന്നുപേരും മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരുടെയും മരണവുമായി ബന്ധപ്പെട്ട് മാലയംപാളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker