ഭോപ്പാല്‍: മദ്യപിച്ചിട്ടും ലഹരി കിട്ടാഞ്ഞതോടെ പരാതിയുമായി മദ്ധ്യവയസ്കന്. മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് അസാധാരണമായ പരാതി ഉയര്‍ന്നത്.മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വസതിയിലും പോലീസുകാരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും സമീപവും പരാതിക്കാരന് എത്തിയതോടെയാണ് സംഭവം വൈറലായത്.തനിക്ക് ലഭിച്ച മദ്യം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബഹദൂര്‍ഗഞ്ച് സ്വദേശിയായ ലോകേന്ദ്ര സത്യ പരാതി നല്കി.
കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു സത്യ നാല് ക്വാര്‍ട്ടര്‍ മദ്യം വാങ്ങിയത്. ഇത് കഴിച്ചിട്ടും ലഹരി കിട്ടാതായതോടെ സത്യ മദ്യശാലയിലെത്തി വിവരമറിയിച്ചു. എന്നാല്‍ മദ്യശാലയുടെ ഉടമ സത്യയുടെ പരാതി ചെവിക്കൊണ്ടില്ല. ഇതിന് പുറമേ ഇക്കാര്യത്തില്‍ മദ്യശാലയ്ക്കെതിരെ നടപടി എടുക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്ത് കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
ഇതോടെയാണ് സത്യ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. വ്യാജ മദ്യമാണെന്ന് സംശയിക്കുന്നതായും സത്യ പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ തെളിവിനായി ശേഷിക്കുന്ന മദ്യം പരാതിക്കൊപ്പം സമര്‍പ്പിക്കുകയും ചെയ്തു. മദ്യത്തില്‍ വെള്ളം കലര്ത്തിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ ഉടന്‍ അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്നും എക്സൈസ് ഓഫീസര്‍ റാംഹന്സ് പചോരി പറഞ്ഞു.