BREAKINGNATIONAL

മദ്യമോ പുകയിലയോ ഇല്ല, 6-8 ഫോണ്‍ ഉപയോഗമില്ല, എല്ലാ ആഘോഷങ്ങളും ഒരുമിച്ച്, മഹാരാഷ്ട്രയിലെ ഗ്രാമത്തെ കുറിച്ച്

മദ്യപാനവും പുകവലിയും നിരോധിച്ചിരിക്കുന്ന ഒരു ഗ്രാമം. അങ്ങനെ ഒരു ഗ്രാമമുണ്ടോ ഇന്ത്യയില്‍ ഉണ്ട്. മദ്യപിക്കരുത്, പുകവലിക്കരുത് എന്ന് മാത്രമല്ല, ഇവ വില്‍ക്കാനും ഈ ഗ്രാമത്തില്‍ അധികാരമില്ല. മാത്രമല്ല, മദ്യപിക്കുന്നവരെ നാട്ടുകാര്‍ അങ്ങോട്ട് കയറ്റാറുപോലുമില്ലത്രെ. മഹാരാഷ്ട്രയിലെ ജാകേകുര്‍വാഡി എന്ന ഗ്രാമമാണ് മദ്യവും പുകയിലയും പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
ഇവിടുത്തെ ഗ്രാമമുഖ്യന്‍ അമര്‍ സൂര്യവംശി എന്നയാളാണ്. അമര്‍ സൂര്യവംശിയുടെ നേതൃത്വത്തില്‍ നാല് വര്‍ഷം കൊണ്ടാണ് ഈ മാറ്റം പൂര്‍ണമായും നടപ്പിലാക്കിയത്. ഗ്രാമത്തില്‍ മദ്യപിച്ചവര്‍ക്ക് പ്രവേശനമില്ലെന്ന് മാത്രമല്ല, പുറത്ത് നിന്നും മദ്യവുമായി ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ലത്രെ. പുകയില ഉത്പ്പന്നങ്ങളൊന്നും തന്നെ ഉപയോഗിക്കാനോ വില്‍ക്കാനോ അതുപോലെ ഈ ഗ്രാമത്തില്‍ അനുവാദമില്ല.
ഇത് മാത്രമല്ല, മറ്റൊരു സുപ്രധാന കാര്യവും ഈ ഗ്രാമം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. നമുക്കറിയാം ഫോണ്‍ ഉപയോഗിക്കാതെ കുറച്ച് നേരം പോലും ഇരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് ഏറിയ പങ്ക് ആളുകള്‍ക്കും. വീഡിയോ കണ്ടും സോഷ്യല്‍ മീഡിയ നോക്കിയും എത്രനേരം വേണമെങ്കിലും നാം ചെലവഴിക്കും. എന്തിനേറെ പറയുന്നു, പരസ്പരം സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. എന്നാല്‍, ഈ ഗ്രാമത്തില്‍ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണത്രെ ഇത്.
ഇതുകൊണ്ടും തീര്‍ന്നില്ല, നല്ല ഡ്രെയിനേജ് സംവിധാനം, പ്രായമായവര്‍ക്ക് ഇരുന്ന് വിശ്രമിക്കാനും വര്‍ത്തമാനം പറയാനും ഒക്കെയായി ബെഞ്ചുകള്‍ എല്ലാം ഇവിടെയുണ്ട്. അയ്യായിരത്തിലധികം ചെടികളാണ് ഗ്രാമീണര്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. അതുപോലെ, എല്ലാ വാര്‍ഷികങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം എല്ലാവരും ഒരുമിച്ചാണ് കൊണ്ടാടാറുള്ളത്. നാല് വര്‍ഷം കൊണ്ട് മഹാരാഷ്ട്രയിലെ മാതൃകാഗ്രാമമായി ഈ ഗ്രാമം മാറിക്കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഉമര്‍ഗ തഹ്സിലിലാണ് ജകേകുര്‍വാദി ഗ്രാമം. 1,594 ആളുകളാണ് ഇവിടെയുള്ളത്.

Related Articles

Back to top button