KERALALATEST

മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ബെവ്‌കോയുടെ 10 കല്പനകള്‍

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനും മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാനും നടപടിയെടുത്ത് ബിവറേജസ് കോര്‍പറേഷന്‍. പല കടകളിലും വില്‍പനയും ഉപയോക്താക്കളും ക്രമാതീതമായി ഉയരുന്നുണ്ട്. ഈ ഘട്ടത്തില്‍ വരുമാനം ഇനിയും മെച്ചപ്പെടുത്തുന്നതിന് ഗുണപരമായ മാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ചെയര്‍മാനും എംഡിയുമായ യോഗേഷ് ഗുപ്തയുടെ നിര്‍ദേശം.
ബെവ്‌കോ ലാഭവിഹിതം കുറച്ചതോടെ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തെ ബാറുകളില്‍ മദ്യവില്‍പന പുനരാരംഭിച്ചിരുന്നു. ബാറുകള്‍ തുറന്നത് ബെവ്‌കോ ഷോപ്പുകള്‍ക്ക് വലിയ ആശ്വാസമായി. ഇതോടെ പല ഷോപ്പുകളിലെയും തിരക്ക് കുറഞ്ഞു. തിരക്ക് കുറയ്ക്കാന്‍ മദ്യവില്‍പനശാലകളിലെ മാനേജര്‍മാര്‍ക്ക് കോര്‍പറേഷന്‍ നല്‍കിയ 10 കല്പനകള്‍ ഇവയാണ്.

1. തിരക്ക് നിയന്ത്രിക്കാന്‍ കൗണ്ടറുകളുടെ എണ്ണംകൂട്ടണം
2. 20 ലക്ഷം രൂപവരെ ദിവസ വില്‍പനയുള്ള കടകള്‍ക്ക് മൂന്ന് കൗണ്ടറുണ്ടാകണം.
3. വില്‍പന 35 ലക്ഷം വരെയുണ്ടെങ്കില്‍ നാലും 50 ലക്ഷം വരെയെങ്കില്‍ അഞ്ചും 50 ലക്ഷത്തിനുമുകളിലാണെങ്കില്‍ ആറില്‍ കുറയാത്ത കൗണ്ടറും വേണം.
4. കൗണ്ടര്‍ കൂട്ടുന്നതനുസരിച്ച് ജീവനക്കാരും വേണം. പൂട്ടിക്കിടക്കുന്ന ശാലകളിലെ ജീവനക്കാരെ ഇതിനുപയോഗിക്കും.
5. 30 ലക്ഷത്തിനുമുകളില്‍ വില്‍പനയുള്ള കടകളില്‍ ഒരു സുരക്ഷാ ജീവനക്കാരനെക്കൂടി നിയമിക്കും.
6. വരിനില്‍ക്കുന്ന ഉപയോക്താക്കള്‍ക്ക് കുടിവെള്ളം നല്‍കാന്‍ സൗകര്യമൊരുക്കും.
7. കോവിഡ് മാനദണ്ഡം പാലിച്ചുനില്‍ക്കണമെന്ന് തുടര്‍ച്ചയായി വിളിച്ചുപറയും.
8. ആവശ്യമെങ്കില്‍ വട്ടംവരച്ചോ വേലികെട്ടിയോ അകലംപാലിച്ചു നിര്‍ത്തണം. സഹായത്തിന് പൊലീസിനെ വിളിക്കാം.
9. ഉപയോക്താക്കളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് അഭ്യര്‍ഥിക്കണം.
10. അടിസ്ഥാന സൗകര്യമില്ലാത്ത കെട്ടിടങ്ങളില്‍നിന്ന് കടകള്‍ ഉടന്‍ മാറ്റണം. ഇതിനാവശ്യമായ നടപടി മേഖലാ മാനേജര്‍മാര്‍ സ്വീകരിക്കണം.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ 128 മദ്യവില്‍പന ശാലകള്‍ പൂട്ടി. ഇതില്‍ 116 എണ്ണം ബിവറേജസ് കോര്‍പറേഷന്റേതാണ്. ശേഷിക്കുന്നത് കണ്‍സ്യൂമര്‍ഫെഡിന്റേതും. ആകെ 325 ഔട്ട്‌ലെറ്റുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്.
ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ബിവറേജസ് ഔട്ട് ലെറ്റിനു സമീപം പ്രവര്‍ത്തിയ്ക്കുന്ന കടയുടെ ഉടമകള്‍ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.
കോവിഡ് മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി ഉള്ളപ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കോവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.
രണ്ടാം തരംഗത്തിനുശേഷമുള്ള മൂന്നാം തരംഗം പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണ്. ആദ്യഘട്ട ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ക്യത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.
മദ്യം വാങ്ങാനെത്തുന്നവരെ രണ്ടും മൂന്നും മണിക്കൂറുകള്‍ പൊരിവെയിലത്ത് നീണ്ട വരിയില്‍ നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മദ്യം വാങ്ങാനെത്തുന്നവരുടെയും വില്‍പ്പനശാലകള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെയും അന്തസ് നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ ഗുപ്തയുടെ സാന്നിദ്ധ്യത്തില്‍ കോടതി ബിവറേജസ് കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയുടെ കുത്തക ബിവേറേജസ് കോര്‍പറേഷനു നല്‍കിയിരിക്കുന്നു. മത്സരമില്ലാത്തതുകൊണ്ടു തന്നെ എങ്ങനെയും മദ്യം വിറ്റ് പണമുണ്ടാക്കിയാല്‍ മതിയെന്ന് മാത്രമാണ് ബൈവ്‌കോയുടെ കരുതല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker