BREAKING NEWSKERALA

മദ്യശാലയ്ക്കു മുന്നിലെ ക്യൂ കുറയ്ക്കാന്‍ ഇനി ഓണ്‍ ലൈന്‍ പേയ്‌മെന്റ്

തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഇഷ്ട ബ്രാന്‍ഡ് തിരഞ്ഞെടുത്ത്, ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി ഇനി മദ്യം വാങ്ങാം. പണമടച്ചതിന്റെ ഇ–രസീതുമായി ഔട്‌ലെറ്റിലെത്തിയാല്‍ മതി. പരീക്ഷണം തിരുവനന്തപുരം ജില്ലയിലെ 9 ബവ്‌കോ ഔട്‌ലെറ്റുകളില്‍ തുടങ്ങി.
കൊവിഡ് ആശങ്ക തുടരുന്നതിനിടെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനം ഉണ്ടായ പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
വെബ്‌സൈറ്റ് പരിഷ്‌കരണവും തുടങ്ങി. ഒരു മാസത്തിനകം ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം വരും.
കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ഓരോ ഔട്‌ലെറ്റിലെയും സ്റ്റോക്ക്, വില എന്നിവയുണ്ടാകും. സൈറ്റില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി സൗകര്യപ്രദമായ ഔട്‌ലെറ്റ് തിരഞ്ഞെടുക്കുക. അവിടെയുള്ള ബ്രാന്‍ഡുകളും വിലയും കാണാനാകും. ആവശ്യമുള്ളതു തിരഞ്ഞെടുക്കാം. നേരെ പോകുന്നതു പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്കാണ്. നെറ്റ് ബാങ്കിങ്, പേയ്‌മെന്റ് ആപ്പുകള്‍ എന്നിവയെല്ലാം വഴി പണമടയ്ക്കാം. ഫോണില്‍ എസ്എംഎസ് ആയി ഇ–രസീത് ലഭിക്കും. പണമടച്ച വിവരം ബന്ധപ്പെട്ട ഔട്‌ലെറ്റിലുമെത്തും. അന്നു തന്നെ, ഇഷ്ടമുള്ള സമയത്ത് ഔട്‌ലെറ്റിലെത്താം. പേയ്‌മെന്റ് നടത്തിയവര്‍ക്കായി പ്രത്യേക കൗണ്ടറുണ്ടാകും. രസീത് നമ്പറോ, മൊബൈല്‍ നമ്പറോ നല്‍കിയാല്‍ സൈറ്റില്‍ ഒത്തുനോക്കും. മദ്യം വാങ്ങി മടങ്ങാം. അങ്ങനെ സമയം ലാഭിക്കാമെന്നും വരിയുടെ നീളം കുറയ്ക്കാമെന്നും ബവ്‌കോ കണക്കുകൂട്ടുന്നു.
മദ്യവില്‍പ്പന സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ക്യു പലപ്പോഴും പ്രശ്‌നമാവുകയാണ്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന്‍ പാകത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ ഇതിനാലാണ് തീരുമാനിച്ചത്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. തിരക്ക് ഒഴിവാക്കാന്‍ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിന്റെ പേരില്‍ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഒരു വിവാഹത്തിന് 20 പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്‌കോയുടെ മുന്നില്‍ കൂട്ടയിടിയാണ്. സാധാരണക്കാര്‍ക്ക് ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് നല്‍കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിലാണ് പ്രാധാന്യമെന്നും രാജ്യത്തിന്റെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ ആളുകള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് രോഗവ്യാപനം ഉയര്‍ത്തില്ലേ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മദ്യശാലകള്‍ക്ക് മുന്നില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് പരിഗണിക്കവേ ആണ് പരാമര്‍ശമുണ്ടായിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് എക്‌സൈസ് കമ്മീഷണര്‍ക്കും ബെവ്‌കോ എംഡിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker