ഭോപ്പാല്‍: മധ്യപ്രദേശില്‍ കടുവക്കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് ചത്ത സംഭവത്തില്‍ ട്രെയിന്‍ എഞ്ചിന്‍ പിടിച്ചെടുക്കാന്‍ വനംവകുപ്പ്. 2020 ല്‍ ആനയും കുട്ടിയാനയും ട്രെയിന്‍ ഇടിച്ച് ചത്ത സംഭവത്തില്‍ അസം സര്‍ക്കാര്‍ ട്രെയിന്റെ എഞ്ചിന്‍ പിടിച്ചെടുത്ത സംഭവം ചൂണ്ടിക്കാട്ടി ഉന്നതതലങ്ങളില്‍ വനംവകുപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ 14 നായിരുന്നു സംഭവം. രതപാനി വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന മിഡ്ഘട്ട്-ബുധ്‌നി റെയില്‍വേ ട്രാക്കിലൂടെ അമ്മ കടുവയ്ക്ക് പിന്നാലെ പോയികൊണ്ടിരുന്ന കടുവക്കുട്ടികളാണ് ട്രെയിന്‍ ഇടിച്ച് ചത്തത്. ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു സംഭവിച്ചതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
അപകടത്തിന് കാരണമായ ട്രെയിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. വനഭൂമിയിലൂടെയാണ് പാളം കടന്നുപോകുന്നത്. മൂന്നാം ലൈനിന് പാരിസ്ഥിതിക അനുമതി നല്‍കുമ്പോള്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുക റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്നും ഒരു ഐഎഫ്എസ് ഓഫീസര്‍ പ്രതികരിച്ചു.
ബര്‍ഖേദയ്ക്കും ബുധ്നിക്കും ഇടയിലുള്ള ഈ 20 കിലോമീറ്റര്‍ റെയില്‍ പാതയില്‍ ഈ മൂന്ന് കടുവ കുട്ടികളുള്‍പ്പെടെ എട്ട് കടുവകള്‍ തീവണ്ടി തട്ടി ചത്തതായി വനംവകുപ്പ് വ്യക്തമാക്കി. 2015 മുതല്‍ 14 പുള്ളിപ്പുലികളും ഒരു കരടിയും ട്രെയിന്‍ തട്ടി ചത്തിട്ടുണ്ട്.
61 Less than a minute