എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ച തലമുറ തങ്ങളുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഇടിച്ച് കൂട്ടിയ പുകയില വച്ച് വെറ്റില ചവച്ച് ചുവപ്പിക്കുന്നത് കണ്ടിട്ടുണ്ടാകും. എന്നാല്‍, ഇന്ന് വെറ്റില ചവയ്ക്കുന്നവര്‍ വളരെ വിരളമാണ്. എന്ന് മുതലാണ് മനുഷ്യന്‍ വെറ്റില ചവച്ച് തുടങ്ങിയതെന്ന് അറിയാമോ? എന്നാല്‍ കേട്ടോളൂ. വെറ്റില ചവയ്ക്കുന്ന ശീലം മനുഷ്യന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആ ശീലത്തിന് ഏതാണ്ട് 2,500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍. തായ്വാനിലെ ഒരു ദീര്‍ഘകാല ഉത്ഖനന പദ്ധതിയില്‍ നിന്നുള്ള ഒരു കണ്ടെത്തലാണ് ഗവേഷകരെ ഇത്തരമൊരു നിരീക്ഷണത്തിലേക്ക് നയിച്ചത്. ഇവിടെ നിന്നും കണ്ടെത്തിയ 2,500 നും 2,700 നും ഇടയില്‍ പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങളില്‍ വെറ്റില ചതച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഈ കണ്ടെത്തല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഏഷ്യയിലെ മനുഷ്യര്‍ക്കിടയില്‍ ഈ ശീലം നിലനില്‍ക്കുന്നുവെന്നതിന് തെളിവ് നല്‍കുന്നു.
2021 -ല്‍ തെക്ക് – പടിഞ്ഞാറന്‍ തായ്വാനിലെ ചിയായി സിറ്റിയില്‍ റെയില്‍വേ പദ്ധതിയുടെ നിര്‍മ്മാണത്തിനിടെ കണ്ടെത്തിയ ശവകുടീരങ്ങളില്‍ നിന്നാണ് ഈ രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഇതുവരെ നടത്തിയ ഖനനത്തില്‍ 13 വ്യക്തികളുടെ ശവകുടീരങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്, അതില്‍ അഞ്ചെണ്ണം പൂര്‍ണ്ണമായ അസ്ഥികൂടങ്ങളായിരുന്നു. ഈ രണ്ട് മനുഷ്യ അസ്ഥികൂടങ്ങളുടെയും പല്ലുകളില്‍ ചുവന്ന ധാതുക്കള്‍ പറ്റിപ്പിടിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് തായ്വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വെറ്റില ചവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ചുവന്ന നീരിന്റെ അവശിഷ്ടമാണെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഈ പ്രദേശത്തെ പുരാവസ്തു ഗവേഷണ പദ്ധതി 2026 -ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വെറ്റില ചവയ്ക്കുന്നത് സാധാരണമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. വെറ്റില ചവയ്ക്കുന്നത് ഇപ്പോഴും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ വ്യാപകമാണെങ്കിലും ഈ ശീലത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകള്‍ അവ്യക്തമായിരുന്നു. ഇപ്പോഴത്തെ ഈ കണ്ടത്തല്‍ ആ നിലയ്ക്ക് നിര്‍ണായകമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. അതേസമയം തായ്വാനില്‍, പ്രതിവര്‍ഷം 5,400 പുരുഷന്മാര്‍ക്ക് വായിലെ അര്‍ബുദം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് അടുത്തിടെ ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. അവരില്‍ 80 മുതല്‍ 90 ശതമാനം വരെ വെറ്റില ചവയ്ക്കുന്നവരാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
69 1 minute read