കോഴിക്കോട്: പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ട മന്ത്രിമാരില്‍ രണ്ടുപേരൊഴികെ ഇത്തവണ മത്സരിച്ചവരെല്ലാം തന്നെ വിജയത്തിലേക്കെന്ന് സൂചന. കെ.ടി ജലീല്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവരൊഴികെ മത്സരിച്ച മന്ത്രിമാരില്‍ ബാക്കിയെല്ലാവരും മികച്ച ലീഡ് നിലനിര്‍ത്തുകയാണ്.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മട്ടന്നൂരില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ 12871 വോട്ടുകള്‍ക്കും കണ്ണൂരില്‍ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ 2056 വോട്ടുകള്‍ക്കും മുന്നിട്ടുനില്‍ക്കുകയാണ്.
ഉടുമ്പുഞ്ചോലയില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണിയാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത്. യുഡിഎഫിലെ ഇ.എം. അഗസ്തിയേക്കാള്‍ 17677 വോട്ടുകള്‍ക്ക് മുന്നിലാണ് അദ്ദേഹം. പേരാമ്പ്രയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ 1692 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്ന കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആറായിരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ചിറ്റൂരില്‍ ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി 10424 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ കെ.ടി. ജലീലിനേക്കാള്‍ 1399 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ചെയ്യുകയാണ്. കുണ്ടറയില്‍ വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും പിന്നിലാണ്. എന്നാല്‍ 190 വോട്ടിന്റെ നേരിയ ലീഡ് മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിനുള്ളത്.