കൊച്ചി: മന്ത്രിയെ മാറ്റാനുള്ള നീക്കം ഔദ്യോഗിക നേതൃത്വം തുടങ്ങിയതോടെ എന്‍.സി.പി.യില്‍ പ്രതിസന്ധി രൂക്ഷമായി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുന്‍കൈയെടുത്ത് തോമസ് കെ. തോമസ് എം.എല്‍.എ.യെ മന്ത്രിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനായി പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കുന്നത്.
എന്നാല്‍, ഇതുവരെ അത്തരമൊരു ധാരണയില്ലെന്നു പറഞ്ഞിരുന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ശശീന്ദ്രന്‍ വിഭാഗവുമായി തെറ്റിയതോടെയാണ് തോമസ് കെ. തോമസിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നത് തടയാന്‍ ശശീന്ദ്രന്‍ വിഭാഗവും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പി.സി. ചാക്കോയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനാണ് അവര്‍ ആലോചിക്കുന്നത്. ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായ സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവന്‍സമയ ആളെ വയ്ക്കണമെന്ന ആവശ്യമാണ് ശശീന്ദ്രന്‍ വിഭാഗം ദേശീയ നേതൃത്വത്തിനു മുന്നില്‍ വയ്ക്കുന്നത്. ഇതിനായി നേതാക്കള്‍ ദേശീയാധ്യക്ഷന്‍ ശരത്പവാറിനെ കാണും.
വരവുചെലവു കണക്കുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ചാക്കോയും ശശീന്ദ്രന്‍ വിഭാഗവും തമ്മില്‍ ഇടയുന്നതിലേക്ക് എത്തിയത്. ശശീന്ദ്രന്‍ വിഭാഗത്തിനാണ് പാര്‍ട്ടിയിലെ ട്രഷറര്‍ സ്ഥാനം. കണക്കില്‍ പിഴവ് ആരോപിച്ച് ചാക്കോ ശശീന്ദ്രന്‍ വിഭാഗത്തിനെതിരേ നീങ്ങി. അതിനുപിന്നാലെ ശശീന്ദ്രന്‍ വിഭാഗം സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നതിനുള്ള രഹസ്യയോഗം കോഴിക്കോട്ട് വിളിച്ചുചേര്‍ത്തു.
എന്‍.സി.പി.യില്‍ ശശീന്ദ്രന്‍ വിഭാഗം ആദ്യംമുതല്‍ പ്രബലമായിരുന്നു. പി.സി. ചാക്കോയെ കോണ്‍ഗ്രസില്‍നിന്ന് എന്‍.സി.പി.യിലേക്ക് കൊണ്ടുവരുന്നതിന് മുന്‍കൈയെടുത്തതും അവരായിരുന്നു. ബഹുഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും ചാക്കോയ്ക്ക് ഒപ്പമാണ് ഇപ്പോള്‍. ചാക്കോ ശക്തമായി നീങ്ങിയാല്‍, അതിനെ പ്രതിരോധിക്കാനുള്ള ശേഷി പാര്‍ട്ടിക്കുള്ളില്‍ ശശീന്ദ്രന്‍ വിഭാഗത്തിനില്ല. ഇപ്പോള്‍ നടക്കുന്ന മന്ത്രിമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി.പി.എം. തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസം ചാക്കോ പക്ഷത്തിനുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും അവര്‍ ഉറപ്പിക്കുന്നുണ്ട്.
55 1 minute read