തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയര്‍മാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. മന്ത്രിയും ബോര്‍ഡും നടത്തുന്നത് അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് ചില നേതാക്കള്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തയ്യാറായില്ലെന്നതും ശ്രദ്ധേയമായി.
സമരത്തിനെതിരായ നയമാണ് കെഎസ്ഇബിയിലുള്ളതെന്ന് ട്രേഡ് യൂണിയന് രംഗത്തുനിന്നുള്ള നേതാക്കള്‍ സംസ്ഥാന സമിതിയില്‍ ആരോപിച്ചു. സമരങ്ങളോട് എതിര്‍പ്പില്ല എന്ന നയമാണ് എല്‍ഡിഎഫിന് പൊതുവായുള്ളതെന്നും അതിന് എതിരായ സമീപനമാണ് ഇപ്പോള്‍ കെഎസ്ഇബിയിലുള്ളതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കെഎസ്ഇബിയിലെ സമരം തീര്‍ക്കാന്‍ അടിയന്തരമായി പാര്‍ട്ടിയും സര്‍ക്കാരും ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു.
അഴിമതി ലക്ഷ്യംവെച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ഇബിയില്‍ നടക്കുന്നതെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു അടക്കമുള്ള നേതാക്കള്‍ ആരോപിച്ചു. അഴിമതി ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ഓഫീസേഴ്സ് അസോസിയേഷന് അടക്കമുള്ളവര്‍ക്കെതിരേ വൈരനിര്യാതന ബുദ്ധിയോടെയുള്ള നടപടികള്‍ എടുക്കുന്നത്. ഇത്തരം നടപടികള്‍ക്കെല്ലാം മന്ത്രി കെ. കൃഷ്ണന് കുട്ടിയുടെ നിര്‍ലോഭമായ പിന്തുണയുണ്ടെന്നും ആരോപണം ഉന്നയിക്കപ്പെട്ടു. കെ.എസ്.ആര്.ടിസിയിലെ വിഷയത്തിലും സര്‍ക്കാരും പാര്‍ട്ടിയും ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം, കെഎസ്ആര്‍ടിസിയെയും കെഎസ്ഇബിയെയും താരതമ്യം ചെയ്യരുതെന്ന് മറുപടി നല്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കെഎസ്ആര്‍ടിസി സേവനമേഖലയില്‍ വരുന്ന സ്ഥാപനമാണെന്നും ഇന്ധനവിലയില്‍ വരുന്ന ചാഞ്ചാട്ടങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും നഷ്ടം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെഎസ്ആര്‍ടിസിയിലെ പ്രശ്നം ഒറ്റയടിക്ക് പരിഹരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ താരതമ്യംചെയ്യാന്‍ തയ്യാറാകുന്നില്ല എന്ന പ്രതികരണവും കോടിയേരി നടത്തി. മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും വൈദ്യുതി ബോര്‍ഡിനും എതിരായുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ താനില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന് സംസാരിച്ചത്. എന്നാല്‍, കെഎസ്ഇബിയിലെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടുമെന്നും ഉടന്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി.