ന്യൂഡല്‍ഹി: കണ്ണൂര്‍ വിസി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ നോമിനിയായി ഉള്പ്പെടുത്തേണ്ടയാളുടെ പേര് സര്‍ക്കാര്‍ നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു പറഞ്ഞതായി ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. നിലവിലെ പ്രശ്നങ്ങളില്‍ മന്ത്രി ഇടപെട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
യുജിസി, ചാന്‍സലര്‍, സര്‍വകലാശാലാ സിന്‍ഡിക്കറ്റ് എന്നിവയുടെ ഓരോ നോമിനികളാണു പൊതുവേ സേര്‍ച് കമ്മിറ്റിയില്‍ ഉണ്ടാകുക. ചാന്‍സലറുടെ നോമിനിയെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നതാണു കീഴ്വഴക്കമെന്നും അതുകൊണ്ടു തന്നെ പേര് സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നു താന്‍ മറുപടി നല്കി. അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ അത് ഇല്ലാതാക്കേണ്ടതുണ്ടെന്നും പറഞ്ഞു.
‘ഒന്നും പറയാനില്ല. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്തു മറുപടി പറയേണ്ട കാര്യമാണ്’–എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്മ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചത്.