BREAKING NEWSLATESTNATIONAL

മന്‍മോഹനെ കാണാന്‍ ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയത് ഫൊട്ടോഗ്രഫറെ കൂട്ടി; അവര്‍ കാഴ്ചമൃഗങ്ങളല്ലെന്ന് മകള്‍

ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിവരം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫൊട്ടോഗ്രഫറുമായി എത്തിയതു വിവാദത്തില്‍. വീട്ടുകാരുടെ എതിര്‍പ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫൊട്ടോഗ്രഫറും മന്‍മോഹന്‍ സിങ്ങിന്റെ മുറിയില്‍ കയറിയതാണ് വിവാദമായത്.
മന്‍മോഹന്റെ ഭാര്യ ഫൊട്ടോഗ്രഫര്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ഇക്കാര്യത്തില്‍ അമ്മ ദുഃഖിതയാണെന്നു മന്‍മോഹന്റെ മകള്‍ ധമന്‍ദീപ് സിങ് പറഞ്ഞു. മന്ത്രി നേരിട്ടെത്തിയതു നല്ലതാണെങ്കിലും കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമന്‍ദീപ് പറഞ്ഞു.
മന്‍മോഹനെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ മാണ്ഡവ്യ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്നു പിന്നീടു പിന്‍വലിച്ചു. പനിയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിയുന്ന മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചികിത്സിക്കുന്നത്.
മന്‍മോഹന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍, മന്‍മോഹന്റെ ഭാര്യ എന്നിവരുമായി സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.
വിവാദത്തെക്കുറിച്ചു ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചില്ല. ഭരണഘടനാ പദവികളിലിരുന്നവരെ പ്രവേശിപ്പിക്കുമ്പോള്‍ എയിംസ് പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രി സന്ദര്‍ശിക്കാറുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker