BREAKING NEWSLATESTNATIONAL

മമത പ്രധാനമന്ത്രിയാകണം: ത്രിപുരയില്‍ എംഎല്‍എ തല മുണ്ഡനം ചെയ്ത് ബിജെപി വിട്ടു

ഗുവാഹത്തി: ത്രിപുരയില്‍ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ആഷിഷ് ദാസ് തല മുണ്ഡനം ചെയ്ത് പാര്‍ട്ടി വിട്ടു. സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടികളില്‍ മനംനൊന്താണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കു വിറ്റഴിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്നും ആഷിഷ് വിമര്‍ശിച്ചു.
ഒരിക്കല്‍ മോദിയുടെ സന്ദേശങ്ങള്‍ ജനഹൃദയങ്ങളെ സ്പര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും ആഷിഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മമതാ ബാനര്‍ജി പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള നേതാവാണെന്നു ഭവാനിപുരിലെ അവരുടെ വിജയത്തിനു ശേഷം ആഷിഷ് പറഞ്ഞിരുന്നു. രാജിക്കു പിന്നാലെ കൊല്‍ക്കത്തയില്‍ മമതയുടെ വസതിക്കു സമീപത്തുള്ള പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ആഷിഷ് പൂജ നടത്തുകയും ചെയ്തു.
വടക്കന്‍ ത്രിപുരയിലെ സുര്‍മ നിയോജകമണ്ഡലത്തെയാണ് ആഷിഷ് പ്രതിനിധീകരിക്കുന്നത്. ത്രിപുരയില്‍ ബിജെപി രാഷ്ട്രീയ അരാജകത്വവും സംഘര്‍ഷവും സൃഷ്ടിക്കുകയാണെന്ന് ആഷിഷ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തല മുണ്ഡനം ചെയ്ത് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും ആഷിഷ് പറഞ്ഞു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ ഏറ്റവും വലിയ വിമര്‍ശകനാണ് ആഷിഷ്. ത്രിപുരയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന തൃണമൂലിലേക്കാവും ആഷിഷിന്റെ പോക്കെന്നാണു സൂചന. 2023 ലാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker