ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രണ്ടാം ദിവസം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 164 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വാർത്ത അപ്ഡേറ്റ് ചെയ്യപ്പെട്ട 11 മണിക്കുള്ള കണക്കാണിത്. 148 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്. മരിച്ചവരിൽ 84 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്
ഇന്ന് ഇതുവരെയുള്ള തിരിച്ചിലിനിടെ മുണ്ടക്കൈയിൽനിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവിടെ 150 വീടുകളിൽ ആളുകൾ താമസം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടുകളിൽ കുടുങ്ങി പോയവരെ മാറ്റനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്തുള്ള എസ്റ്റേറ്റുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇന്ന് രാവിലെ സൈന്യം ഈ മേഖലയിൽ ഹെലികോപ്റ്ററിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.