BREAKINGINTERNATIONAL

മരിക്കാതെ തന്നെ ശവപ്പെട്ടിയില്‍ കിടക്കാം, എത്തുന്നത് അനേകങ്ങള്‍, പുതിയ സേവനവുമായി ഫ്യൂണറല്‍ ഹോം

കേള്‍ക്കുമ്പോള്‍ വിചിത്രം എന്ന് തോന്നാമെങ്കിലും നിരവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാനിലെ ഒരു ഫ്യൂണറല്‍ ഹോം. 120 വര്‍ഷം പഴക്കമുള്ള ഈ സ്ഥാപനം ആരംഭിച്ച ‘കോഫിന്‍ കഫേ’ എന്ന സേവനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ആളുകള്‍ക്ക് ശവപ്പെട്ടിയില്‍ കിടക്കാനും ഫോട്ടോകള്‍ എടുക്കാനുമുള്ള അവസരമാണ് ഫ്യൂണറല്‍ ഹോം വാഗ്ദാനം ചെയ്യുന്നത്. ആളുകളെ ജീവിതത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.
1902 -ല്‍ സ്ഥാപിതമായ ചിബ പ്രിഫെക്ചറിലെ ഫുട്സു ആസ്ഥാനമായുള്ള കാജിയ ഹോണ്ടന്‍ എന്ന ഫ്യൂണറല്‍ ഹോം ആണ് ശവസംസ്‌കാര സേവനങ്ങള്‍ നല്‍കുന്ന മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഈ സേവനം ഇവിടെ ആരംഭിച്ചത്. ഇതിനായി പച്ച, മഞ്ഞ,സ്വര്‍ണ്ണ നിറങ്ങളില്‍ സവിശേഷമായി രൂപകല്‍പ്പന ചെയ്ത മൂന്ന് ശവപ്പെട്ടികള്‍ ഇവിടെയുണ്ട്. മനോഹരമായ അലങ്കരിച്ച ഈ ശവപ്പെട്ടികള്‍ക്കുള്ളില്‍ താല്പര്യമുള്ളവര്‍ക്ക് കിടന്നു നോക്കാം.
ഈ സേവനത്തിന് 2,200 യെന്‍ (US$14) അതായത് ഏകദേശം 1200 ഇന്ത്യന്‍ രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ശവപ്പെട്ടിക്കുള്ളില്‍ ഒരുമിച്ച് കിടന്ന് ചിത്രം എടുക്കാന്‍ എത്തുന്ന ദമ്പതികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ഓരോ ദിവസവും ഈ സേവനം പരീക്ഷിക്കാന്‍ എത്തുന്നത്.
24 -ാം വയസ്സില്‍ പിതാവ് പെട്ടെന്ന് മരിച്ചപ്പോള്‍ ഉണ്ടായ വ്യക്തിപരമായ അനുഭവമാണ് ഇത്തരത്തില്‍ ഒരു ആശയത്തിന് പ്രചോദനമായത് എന്നാണ് കമ്പനിയുടെ 48 -കാരനായ പ്രസിഡന്റ് കിയോട്ടക ഹിറാനോ വെളിപ്പെടുത്തുന്നത്. മറ്റൊരു കൗതുകകരമായ കാര്യം ആളുകള്‍ക്ക് തങ്ങളുടെ ശവപ്പെട്ടി മുന്‍കൂട്ടി കണ്ട് ഇഷ്ടപ്പെട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും കിയോട്ടക ഹിറാനോയുടെ ഈ ഫ്യൂണറല്‍ ഹോമില്‍ ഉണ്ട്.

Related Articles

Back to top button