ഉത്തരാഖണ്ഡ്: മരിച്ച ദമ്പതികളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത വനിത ബിജെപി നേതാവും മക്കളും അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ബിജെപി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി റീന ഗോയലും ഇവരുടെ രണ്ട് ആണ്‍മക്കളുമാണ് അറസ്റ്റിലായത്.
മരിച്ച വയോധിക ദമ്പതികളുടെ ബന്ധുവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിജെപി നേതാവും മക്കളും പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പാണ് വയോധിക ദമ്പതികള്‍ മരിച്ചത്. ഇതിന് പിന്നാലെ റീന ഗോയലും മക്കളും ദമ്പതികളുടെ വീട് കയ്യേറുകയും ഭൂമിയടക്കമുള്ള വസ്തുവകകള്‍ ബലം പ്രയോഗിച്ച് കയ്യേറുകയും സ്വന്തമാക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. മരിച്ച ദമ്പതികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അമേരിക്കയിലാണ്. ഈ സാഹചര്യം മുതലലെടുത്താണ് സ്വത്തുവകകള്‍ സ്വന്തമാക്കാന്‍ ബിജെപി നേതാവ് ശ്രമിച്ചത്.
സ്വത്തുവകകള്‍ റീന ഗോയലും മക്കളും പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നുവെന്ന വിവരം ലഭ്യമായതോടെ മരിച്ച ദമ്പതികളുടെ അടുത്ത ബന്ധുവായ സുരേഷ് മഹാജന് എന്നയാള്‍ ഇ മെയില്‍ മുഖേനെ പോലീസിന് പരാതി കൈമാറുകയായിരുന്നു. അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമായതോടെ ബിജെപി നേതാവിനെയും മക്കളെയും കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.