കീവ്: തുറമുഖ നഗരമായ മരിയുപോളില്‍ യുക്രെയ്ന്‍ സൈനികരും ജനങ്ങളും ഒളിച്ചിരിക്കുന്ന ഉരുക്കു ഫാക്ടറിക്കു നേരെ റഷ്യന്‍ സേന വ്യോമാക്രമണം തുടരുന്നു. രണ്ടായിരത്തോളം റഷ്യന്‍ സേനാംഗങ്ങള്‍ ഇതിനായി വ്യോമസേനയുടെ പിന്തുണയോടെ കനത്ത ആക്രമണമാണു നടത്തുന്നത്.
കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാനാണു റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്‌സി അറസ്‌തോവിച്ച് ആരോപിച്ചു. ഇതിനിടെ, ഉന്നത അമേരിക്കന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്കായി കീവില്‍ എത്തുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ആണ് പ്രതിനിധികള്‍ എന്ന് സെലെന്‍സ്‌കി സൂചിപ്പിച്ചതെങ്കിലും അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചര്‍ച്ചയില്‍ കൃത്യമായ ഉറപ്പുകളും ചെറുത്തുനില്‍പ്പിന് ആയുധങ്ങളും ആണ് പ്രതീക്ഷിക്കുന്നതെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യയെ പ്രതിരോധിക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കാമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സെലെന്‍സ്‌കിയെ അറിയിച്ചു. മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗനും പറഞ്ഞു.
ആദ്യഘട്ടത്തില്‍ റഷ്യ കീഴടക്കിയ തെക്കന്‍ നഗരമായ ഖേര്‍സനിലെ റഷ്യന്‍ താവളം നശിപ്പിച്ചതായി യുക്രെയ്ന്‍ പറഞ്ഞു. റഷ്യയുടെ 2 ജനറല്‍മാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. യുക്രെയ്‌നിന്റെ അവകാശവാദം ശരിയാണെങ്കില്‍ ഇതേവരെ 9 റഷ്യന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതായാണു സൂചന.
ഡിനിപ്രോയിലെ യുക്രെയ്‌ന്റെ ആയുധസംഭരണശാല മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ അറിയിച്ചു. ഇതേവരെ 9 ആയുധസംഭരണ ശാലകള്‍ തകര്‍ത്തു. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ ആക്രമണം ശക്തമാക്കുകയാണു റഷ്യയുടെ ലക്ഷ്യമെന്നും മറ്റു മേഖലകളില്‍ യുക്രെയ്ന്‍ സേനയുടെ പ്രതിരോധം ശക്തമായി തുടരുന്നതായും ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.