WEB MAGAZINESTORY

മറ്റൊരാൾ

 

 

മിനി എസ് എസ്

കുളി കഴിഞ്ഞിറങ്ങി മൊബൈൽ നോക്കിയപ്പോൾ അഞ്ച് മിസ് കാൾ. രാജേഷ് ആണ് വിളിച്ചിരിക്കുന്നത്. സുനിൽ തിരികെ വിളിച്ചു.
” എടാ നമ്മുടെ മുരളിയുടെ അച്ഛൻ മരിച്ചു അറ്റാക്ക് ആയിരുന്നു.”
” അയ്യോ. പോണ്ടേ?”
” അതാ എന്റെ കാർ ഇന്നലെ സർവീസിനു കൊടുത്തു നാളെ കിട്ടു. നീ വണ്ടി എടുക്കുമോ?”
” പിന്നെന്താ ഞാൻ അര മണിക്കൂറിനകം അങ്ങെത്താം.”
ഡ്രസ് മാറി അടുക്കളയിൽ കയറി. ഗീത കുശിനി തുടങ്ങി. ചിക്കൻ കട്ട് ചെയ്യുന്നു. അവളോട് കാര്യം പറഞ്ഞു. ഞാൻ വരണോ?
” വേണ്ട ദൂരം ഉണ്ട്. ഞാൻ വേഗം എത്താൻ നോക്കാം.”
” വേണ്ട പതുക്കെ വണ്ടി ഓടിച്ചാൽ മതി. എന്തേലും ഇച്ചിരി കഴിച്ചിട്ടു പോ”
കീ ഹോൾട്ടറിൽ കാറിന്റെ ചാവിയില്ല.
” നീ കാറിന്റെ കീ കണ്ടോ?” ചോദിച്ചതും മുറ്റത്ത് അച്ഛൻ കാറ് കഴുകുന്നത് സുനിൽ കണ്ടു. പെട്ടെന്ന് സുനിലിന് അച്ഛൻ വൈകുന്നേരം പുറത്ത് പോകാൻ കാറ് ചോദിച്ചത് ഓർമ്മ വന്നു. ഇനി എന്തു ചെയ്യും.
” അച്ഛനോട് കാര്യം പറയ്. അച്ഛന് അടുത്ത വീക്ക് പോയാലും മതിയല്ലോ”
” അതു വേണ്ട. നീ ആ സ്കൂട്ടറിന്റെ ചാവി എടുക്ക് ഒരു ടാക്സി വിളിച്ച് പോകാം. അച്ഛന്റെ പരിപാടി മാറ്റിവയ്ക്കാൻ പറ്റുന്നത് അല്ല”.
” അച്ഛൻസൺഡേ സ്കൂട്ടറിൽ അല്ലേ പോകുന്നേ?’ ഗീത വീണ്ടും.
സുനിൽ മറുപടി പറയാതെ പുറത്തിറങ്ങി.
” അച്‌ഛാ മുരളിയുടെ അച്ഛൻ മരിച്ചു. ഞാൻ ഒന്നു പോയേച്ചും വരാം.”
” അത് ഇച്ചിരി ദൂരെ അല്ലേ. സ്കൂട്ടറിൽ അത്രടം പോകുന്നോ?”
” ടാക്സിയിൽ പോകാം രാജേഷും ബാങ്കിലെ വേറെ ആരേലും കാണും.”
” ഞാൻ ഇന്ന് കാറും കൊണ്ടുചെല്ലാം എന്ന് പറഞ്ഞു പോയി. കൊച്ച് വഴിക്കണ്ണുമായി ഇരിപ്പുണ്ടായിരിക്കും. അല്ലേൽ ഞാൻ വെറൊരു ദിവസം പോയേനെ.”
” വേണ്ട അച്ഛാ അവനെ വെറുതെ പിണക്കണ്ടാ. അച്ഛൻ പോകുമ്പോൾ ഇച്ചിരി ചിക്കൻ കറി കൂടി കൊണ്ടു പോണേ”
സ്കൂട്ടർ ഓടിക്കുമ്പോൾ സുനിൽ ഓർത്തത് അച്ഛൻ പറഞ്ഞ കൊച്ചിനെ ആയിരുന്നു. ഇക്കാര്യത്തിൽ അച്ഛൻ എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയിരുന്നു. ഓർമ്മ വച്ച കാലം മുതൽ സൺഡേ വീട്ടിലെ അടുക്കള ഫാക്ടറിയിൽ വിഭവങ്ങളുടെ ബഹളം ആണ്. അച്ഛൻ രാവിലെ ഫിഷ് മാർക്കറ്റിൽ പോയി ധാരാളം മീൻ വാങ്ങും. മീൻ കണ്ടിക്കുന്നതും അച്ഛൻ ആണ്. അമ്മ മീൻ കറിയും മീൻ ഫ്രൈയും ഉണ്ടാക്കും. വയ്ക്കുന്ന പാടേ അമ്മ കുറച്ച് കാസറോളിലേക്ക് മാറ്റും. കൊച്ചിന്. സൺഡേ വയ്ക്കുന്നത് എല്ലാം കൊച്ചിന്റെ ടേസ്റ്റ് അനുസരിച്ചാണ്. ഉച്ചയ്ക്ക് ഉണ്ണുമ്പോൾ കറികൾ കൊക്കെ എന്നത്തേക്കാളും ടേസ്റ്റ് ആണ്. ഒരിക്കൽ അതിനു കാരണം അമ്മ പറഞ്ഞത് പാചകത്തിൽ കൊച്ചിനോടുള്ള സ്നേഹം കൂടി ചേരുന്ന കൊണ്ടാണ് എന്ന്. മൂന്നരയ്ക്ക് പോകുന്ന അച്ഛൻ സന്ധ്യയോടെ മടങ്ങിവരും. വരുമ്പോൾ ഒരിക്കലും പോകുമ്പോൾ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം ഉണ്ടാകാറില്ലാ. കൊച്ചിന് സുഖം തന്നെയല്ലേ എന്ന പതിവ് ചോദ്യം അമ്മയുടേയും എന്തു സുഖം എന്ന അച്ഛന്റെ മറുപടിയും. പല പ്രാവശ്യം അച്ഛൻ വണ്ടി ഇറക്കുമ്പോൾ ഞാൻ കൂടി വരട്ടേ അച്ഛാ എന്നു ചോദിക്കും.’ മോൻ കൂടി വന്നാൽ അമ്മ ഒറ്റയ്ക്കാവില്ലേ എന്നു പറയും.
” അമ്മേ കൂടി കൊണ്ടുപോകാല്ലോ”?
” ഞാനെങ്ങും ഇല്ല. എനിക്ക് കുളിക്കണം. ആകെ ആഴ്ചയിൽ ഒരു ദിവസമാ വിളക്ക് കൊളുത്തുന്നേ.” അമ്മ സന്തോഷമായിട്ട് യാത്ര ആക്കും.
ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ആണ് ഇളയ മാമന്റെ കല്യാണം. അതിനു കൂടിയ ബന്ധുക്കൾ അമ്മയെ ഉപദേശിക്കുന്നത് കേട്ടു.” നീയെന്താ സാവിത്രി യും ശീലാവതിയും ആകാനുള്ള ശ്രമമാണോ? എല്ലാ ഞായറാഴ്ചയും വാരിക്കെട്ടി അവളുടെ അടുത്ത് പോകുന്നത്.”
” എനിക്ക് എന്റെ ഭർത്താവിനെ അറിയാം”
മുഖത്തടിച്ച പോലെ മറുപടി പറഞ്ഞെങ്കിലും അമ്മ മാറി നിന്ന് കരയുന്ന കണ്ടപ്പോൾ എന്തൊക്കെയോ മനസിൽ തോന്നി.
കല്യാണം കഴിഞ്ഞ് വീട്ടിൽ എത്തിയതും ഞാൻ അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയോട് ഇക്കാര്യം ചോദിച്ചു. അച്ഛനും അമ്മയും നീ പോയി കിടക്ക്. യാത്ര ചെയ്ത ക്ഷീണം കാണും എന്ന് പറഞ്ഞ് ഒഴിഞ്ഞു.
പിറ്റേ ഞായറാഴ്ച അച്ഛൻ എന്നെ കൂടി കൂട്ടി. കൊച്ചിന്റെ അടുത്ത് എത്തുംവരെ എന്റെ മനസിൽ വേണ്ടാത്ത ചിന്തകൾ ആയിരുന്നു. കല്യാണ വീട്ടിൽ കേട്ട വർത്തമാനം വച്ച് കൊച്ച് എന്റെ അനിയൻ ആയിരിക്കും എന്നു കരുതി. അവൻ കാണാൻ എങ്ങനെ ഇരിക്കും. എന്നെ പോലെ ചുരുളൻ മുടി ആയിരിക്കുമോ? തുടങ്ങി കുറേ ചിന്തകൾ .

സാമാന്യം ഒരു വലിയ വീടിന്റെ മുറ്റത്താണ് വണ്ടി നിന്നത്. ഗേറ്റിന്റെ ഓടാമ്പൽ നീക്കി അച്ഛൻ അകത്തു കടന്നു. ഞാൻ അച്ഛന്റെ കൈ മുറുക്കെ പിടിച്ചിരുന്നു. വാതിൽ തുറന്ന സ്ത്രീ സാമാന്യം ഉറക്കെ പറഞ്ഞു” ചേച്ചിയമ്മാ സർ വന്നു കൂടെ കൊച്ചും ഉണ്ട്”
അകത്തൂന്ന് ഒരു സ്ത്രീ നടന്നു വന്നു. ഒരു മെലിഞ്ഞ സ്ത്രീ. അമ്മേടെ അത്ര സുന്ദരി അല്ല.” ഇതാര് സുനി കുട്ടനോ?” ” വാ വാ ആന്റി കാണട്ടേ.”
എന്റെ കണ്ണുകൾ കൊച്ചിനെ പരതുവായിരുന്നു. അച്ഛൻ കയ്യിലിരുന്ന സഞ്ചി അവരെ ഏൽപ്പിച്ചു.” ഈ ചേച്ചിയെ കൊണ്ടു തോറ്റു. എന്തോരം ബുദ്ധിമുട്ടുന്നു.”
” അവൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. നീയിതു കൊച്ചിന് കൊടുക്ക്. താമസിച്ച് അവനെ പിണക്കണ്ട.”
അകത്തേയ്ക്ക് പോയ അവരുടെ പുറകെ അച്ഛനും പോയി. ഞാൻ വരാന്തയിൽ ഒറ്റയ്ക്കായി. അച്ഛൻ എന്നെ മറന്നോ? സങ്കടം വന്നെങ്കിലും കൊച്ചിനെ കാണാനുള്ള ആകാംക്ഷകൊണ്ട് ഞാനും അകത്തേക്ക് ചെന്നു. ഡൈനിംങ്ങ് ടേബിളിൽ ഒരാൾ പുറംതിരിഞ്ഞു ഇരിക്കുന്നു. ഒരു വശത്ത് ആന്റിയും മറുവശത്ത് അച്ഛനും ഇരിക്കുന്നു. പുറകു വശം കണ്ടാൽ ഒത്ത ഒരു പുരുഷൻ. എന്തോ പറഞ്ഞ് തിരിഞ്ഞതും ആൻറി എന്നെ കണ്ടു
” വാ മോനേ”
ഉടൻ കൊച്ച് തിരിഞ്ഞു നോക്കി. കൊച്ചിനെ കണ്ടതും എന്റെ സപ്ത നാഡിയും തളർന്നു. മുന്നോട്ടു ഒരടി വയ്ക്കാൻ എനിക്ക് സാധിച്ചില്ല. ഒരു മന്ദ ബുദ്ധി കൊച്ചാണ് എന്നു ഒറ്റ നോട്ടത്തിൽ മനസിലാകും. നല്ല ശരീര വളർച്ച ഉണ്ട്.
” ഇതാണ് മാമന്റെ മോൻ സുനി” അച്ഛൻ പറഞ്ഞു. ചിറി മുഴുവൻ ആഹാരം ഇരിക്കുന്നു എന്നിട്ടും കൊച്ച് ചിരിച്ചു. തനിയെ ആഹാരം കഴിക്കാൻ ബുദ്ധിമുട്ടാണ് എന്നാലും ശ്രമിക്കും. മോന്റെ അമ്മ ഉണ്ടാക്കുന്ന ഫുഡ് അവന് ഇഷ്ടമാണ്. കുറേ നേരം എടുത്തു കൊച്ച് ആഹാരം കഴിച്ചു തീരാൻ അതുവരെ ക്ഷമയോടെ ആന്റിയും അച്ഛനും ഇരിക്കുന്നത് സുനി ശ്രദ്ധിച്ചു. ഇടയ്ക്ക് മറ്റേയാൾ ചായയും പലഹാരങ്ങളും കൊണ്ടു വച്ചു. മോൻ വരുന്നത് ആന്റി അറിഞ്ഞില്ല. ആന്റി പലഹാരം ഒന്നും ഉണ്ടാക്കാറില്ല. ബേക്കറിയിൽ നിന്ന് വാങ്ങും. കൊച്ചിനെ വച്ചോണ്ട് ഒരു പണിയും നടക്കൂല .അവൻ ഉറങ്ങുമ്പോൾ ആണ് ഞാൻ കുളിക്കുന്നത്. ഇടയ്ക്ക് ആന്റി അച്ഛനോട് എന്തൊക്കെയോ പറഞ്ഞു കരയുന്നതും അച്ഛൻ അവരുടെ കൈയിൽ തടവുന്നതും കണ്ടു. ബോഡി വെയിറ്റ് കൂടുതൽ ആയ കാരണം കൊച്ചിന്റെ കാലിന് ഒരു ചെറിയ വളവുണ്ടെന്നും നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും ആൻറിപറഞ്ഞു. മോന്റെ അച്ഛൻ വരുമ്പോൾ ആണ് കൊച്ച് മുറ്റത്തിറങ്ങുന്നത്. അച്ഛന്റെ കൈ പിടിച്ച് കൊച്ചു മുറ്റത്ത് നടക്കുന്നത് സുനി നോക്കി നിന്നു.
പിന്നെ ഇടയ്ക്കിടയ്ക്ക് തന്നെ കൂടി അച്ഛൻ കൊണ്ടുപോകാൻ തുടങ്ങി. കുറച്ചു കൂടി മുതിർന്നപ്പോൾ ഒരു ദിവസം അച്ഛൻ അടുത്തിരുത്തി കൊച്ചിനെ പറ്റി പറഞ്ഞു. കൊച്ചിന്റെ അമ്മ അച്ഛന്റെ സഹപ്രവർത്തക ആണ്. കൊച്ചിന്റെ വയ്യായ്ക മനസിലായപ്പോൾ കൊച്ചിന്റെ അച്ഛൻ ഡൈവേഴ്സ് വാങ്ങി സ്ഥലം കാലിയാക്കി. ആന്റിക്ക് ആകെ ഒരു ആശ്രയം അച്ഛൻ ആണ്. ആന്റീടെ ബെസ്റ്റ് ഫ്രണ്ട് ആണ് അച്ഛൻ. അച്ഛന്റെയും.
കുറച്ചും കൂടി മുതിർന്നപ്പോൾ അമ്മ പറഞ്ഞു. ” നിനക്ക് കല്യാണപ്രായം ആയി. നാട്ടുകാർ അതും ഇതും ഒക്കെ പറയും. നീ കെട്ടാൻ പോകുന്ന പെണ്ണിനോട് കൊച്ചിന്റെ കാര്യം പറയണം. നമുക്കതിനെ ഉപേക്ഷിക്കാൻ പറ്റില്ല.”
” കല്യാണത്തിനു മുൻപ് ഗീതയോട് കൊച്ചിനെ പറ്റി പറഞ്ഞപ്പോൾ അതു നിങ്ങടെ ഓൺ ബ്രദർ ആണോ? എന്നാ അവൾ ചോദിച്ചേ .
” ഓൺ എന്നുള്ളതിന് പല അർത്ഥം ഉണ്ടെന്ന് എന്റെ അമ്മ എന്നെ മനസിലാക്കി തന്നു. നീയും മനസിലാക്കിയാൽ നന്ന്.”
അച്ഛനും ആന്റിയും തമ്മിലുള്ള റിലേഷൻ എന്താണ്? പല ആവർത്തി സ്വയം ചോദിച്ചിട്ടുണ്ട്. അമ്മ അച്ഛന്റെ കൂടെ ഉള്ളതു കൊണ്ട് സദാചാര കമ്മിറ്റി കാർക്ക് റോൾ നഷ്ടമാകുന്നു.
രാജേഷിന്റെ വീടെത്തി” എടാ കാർ അച്ഛൻ ബുക്കിംഗ് ആയിരുന്നു. അച്ഛൻ ഇന്നു കൊച്ചിനേം കൊണ്ട് ഒരു ഡ്രൈവിന് പോകുന്നു. അവനെ ടാക്സിയിൽ കൊണ്ടുപോകാൻ പാടല്ലേ. നമുക്ക് ടാക്സിയിൽ പോകാല്ലോ . നീ ഒരു ടാക്സി വിളിക്ക്.”
ടാക്സിയിൽ ഇരിക്കുമ്പാഴും സുനിലിന്റെ മനസിൽ കാറിലിരുന്ന് പുറം കാഴ്ച കാണുന്ന കൊച്ചിന്റെ മുഖം ആയിരുന്നു

 

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker