മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി യാക്കോബായ സഭ. മലങ്കര ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നത് പിണറായി വിജയന്റെ മുന്‍കൈയിലാണെന്നും സഭയെ സഹായിക്കുന്നവരെ വിശ്വാസികള്‍ തിരിച്ചും സഹായിക്കുമെന്നും മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കം സംസ്ഥാനത്തെ വിഷയമാണെന്നും അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു.
പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ മലങ്കര ചര്‍ച്ച് ബില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മെത്രാപൊലീത്ത പറഞ്ഞു. പിണറായി വിജയന്‍ വിശ്വാസികളുടെ വേദന മനസിലാക്കുന്നുണ്ട്. സഭയെ സഹായിക്കുന്നവരെ എന്നും തിരിച്ച് സഹായിക്കുമെന്നതാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ച് ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ചാല്‍ നിയമപരമായ മാര്‍ഗം സ്വീകരിക്കുമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ക്രൈസ്തവര്‍ ഉത്തരേന്ത്യയില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അടക്കം സൂചിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷവും മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള യാക്കോബായ സഭയുടെ പ്രതികരണം വരും ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്ന് ഉറപ്പാണ്.