ENTERTAINMENTMALAYALAM

മലബാർ കലാപം പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകൻ; സംവിധാനം ആഷിഖ് അബു

ആഷിഖ് അബു ചിത്രത്തില്‍ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. ‘വാരിയംകുന്നന്‍’ എന്ന ചരിത്ര സിനിമ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണിത്. മുഹ്സിന്‍ പരാരിയാണ് കോ-ഡയറക്ടര്‍.

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.’ ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും.

മലബാര്‍ കലാപം ആസ്പദമാക്കി നിര്‍മിച്ച 1921 എന്ന ചിത്രം പുറത്തിറങ്ങിയത് 1988 ലായിരുന്നു. ടി. ദാമോദരന്‍ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍. ടി.ജി.രവിയായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്തിടെയാണ് പൃഥ്വിരാജ് ജോര്‍ദാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. 2019ല്‍ പുറത്തിറങ്ങിയ ‘വൈറസ്’ ആണ് ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ആഷിഖ് നിര്‍മ്മിച്ച ‘ഹലാല്‍ ലവ് സ്റ്റോറിയുടെ’ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button
Close