WEB MAGAZINEARTICLES

മലയാളഭാഷയുടെ ഉത്പത്തിയിലേയ്ക്ക് ഒരു എത്തിനോട്ടം

ചന്ദ്രികാ ബാലകൃഷ്ണൻ

ദ്രാവിഡ ഭാഷാഗോത്രത്തിലുൾപ്പെട്ടിട്ടുള്ള ഒരു ആധുനിക ഭാഷയാണ് മലയാളം. A.D 9-ാം നൂറ്റാണ്ടിൽ തമിഴിന്റേയോ ദ്രാവിഡത്തിന്റേയോ ഒരു പ്രത്യേക ഉപഭാഷയായിട്ടാണ് മലയാളം രൂപീകൃതമായത് എന്ന പൊതുനിഗമനമാണ് ഉള്ളത്.

ചേരരാജാവായിരുന്ന രാജശേഖരന്റെ നാമരൂപത്തിലുള്ള വാഴപ്പിള്ളി ശാസനമാണ് ആദ്യമായി മലയാളഭാഷാ രചനയുടെ തെളിവായുള്ള രേഖ. കേരളചരിത്രത്തിന്റേയും മലയാള ഭാഷാരചനാ പാരമ്പര്യത്തിന്റേയും അടിസ്ഥാന ലിഖിതമാകുന്നു. ആദ്യരചനാരേഖ എന്ന നിലയിൽ ഇത് നിർണ്ണായകമായ സംഭാവന കൈരളിക്ക് നൽകിയിട്ടുണ്ട്. മലയാളത്തിന്റെ തനതായ രചനാഗുണങ്ങളെ കോർത്തിണക്കി എഴുതിയിട്ടുള്ള ഏറ്റവും പുരാതന രേഖകൂടിയാണിത്. ഏതാണ്ട് ഇതേ നൂറ്റാണ്ടിനോടടുത്ത് തന്നെ വിരചിതമായ മറ്റൊരു ശാസനമാണ് തരിസാപ്പിള്ളി ശാസനം. ക്രിസ്തീയ വിഭാഗക്കാരുടേയും കേരളത്തിന്റേയും ചരിത്രത്തിന്റെ നിർണ്ണായകവും സുപ്രധാനവും ആയ ഒരു രേഖകൂടിയാണിത്. തരിസാപ്പിള്ളി അഥവാ തരിസാപ്പള്ളി ശാസനകൾ ചെപ്പേടുകൾ എന്നറിയപ്പെടുന്നു. ഭാഷയുടെ ഉത്പത്തികാലമായിക്കണക്കാക്കുന്നത് അത് ആദ്യമായി എഴുതപ്പെട്ട കാലമാകുന്നു.

ഭാഷാ ചരിത്രപണ്ഡിതന്മാരും വ്യാകരണ വ്യുൽപ്പത്തി പ്രഭാവന്മാരും, മറ്റു പണ്ഡിതവര്യന്മാരും മലയാള ഭാഷാ ഉത്പ്പത്തിയെക്കുറിച്ച് അവരവരുടെ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. പിൽക്കാലത്ത് ആധുനിക ഭാഷാ ചരിത്രത്തിന്റെയും പഠനവും ഗവേഷണവുമായി ബന്ധപ്പെട്ട് പുതിയ വീക്ഷണകോണുകളാണ് ഇതിൽ ഉരുത്തിരിഞ്ഞ് വന്നെത്തിയത്.

12-ാം നൂറ്റാണ്ടിൽ ചീരാമനാൽ വിരചിതമായ രാമചരിതം ആണ് മലയാള ഭാഷാ സാഹിത്യചരിത്രത്തിലെ ആദ്യകൃതി എന്ന് പറയപ്പെടുന്നു. പക്ഷേ ഇവിടേയും ഭിന്നാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. കൂടാതെ തോലൻ രചിച്ച മന്ത്രാങ്കം ആട്ടപ്രകാരത്തിൽ അന്നുണ്ടായിരുന്ന മലയാള തമിഴ് രൂപത്തിലുള്ള പദ്യരചനകൾ ഉണ്ടായിരുന്നു എന്നുള്ളതിനും തെളിവുകൾ ലഭിച്ചതായും പറയപ്പെടുന്നുണ്ട്. മലയാളം-തമിഴ് എന്നത് വ്യത്യസ്ത ഭാഷകളായി ഇതിനു മുൻപേ മാറി എന്നതും അനുമാനിച്ചുപോരുന്നു. ഈ വസ്തുതകൾ എല്ലാം കൈരളിക്ക് മുതൽക്കൂട്ടുകളായി നിലനിൽക്കുന്നു.

മലയാള ഭാഷയുടെ ഉത്പത്തി

ഈ ഉത്പത്തി സിദ്ധാന്തത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും, സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും അവയിൽ ചിലതെല്ലാം പ്രാധാന്യമർഹിക്കുന്നവയാകുന്നു. താഴെപ്പറയുന്നവയിൽ നിന്നും അത് മനസ്സിലാക്കാം.

  1. ഉപഭാഷാവാദം
  2. പൂർവ്വ-തമിഴ്-മലയാളവാദം
  3. മിശ്രഭാഷാവാദം
  4. സ്വതന്ത്രഭാഷാവാദം
  5. സംസ്‌കൃതജന്യവാദം

ഇതിൽ ഉപഭാഷാ വാദം മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങളിലൊന്നാണ്. ഇത് വിശദമാക്കുന്നത് തമിഴ് ഭാഷയുടെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഒരു ഭാഷയാണ് മലയാളം എന്നത് കണക്കാക്കുന്നു. വിദേശീയരായ എഴുത്തുകാരും ഗവേഷകരുമായ എഫ്.എം.എല്ലിസ്, ഹെർമൺഗുണ്ടർട്ട്, കാൾസ്വൽ മുതലായവർ ഗവേഷണരൂപേണ ഇത് വാദിക്കുന്നുണ്ട്.

Inline

പൂർവ്വതമിഴ് മലയാള വാദത്തിൽ പറയുന്നത് എന്തെന്നാൽ ആദ്യകാല ദ്രാവിഡ ഭാഷാഗോത്രത്തിൽ നിന്നും വേർപെട്ട് പൂർവ്വ തമിഴ്-മലയാളമെന്ന പൊതുവായ ഭാഷയുടെ കാലഘട്ടം ഉണ്ടായിരുന്നതായിട്ടാണ്. എൽ.വി. രാമസ്വാമി അയ്യരുടെ അഭിപ്രായവും ഇതുതന്നെയാകുന്നു. ഇതും ശ്രദ്ധേയ സിദ്ധാന്തങ്ങളിലൊന്നാകുന്നു.

മിശ്രഭാഷാ വാദത്തിൽ പറഞ്ഞിരിക്കുന്നത് ചെന്തമിഴിൽ സംസ്‌കൃതം കൂടികലർന്നാണ് മലയാളം ഉണ്ടായതെന്നുള്ളതാണ്. പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ളയും ഈ സിദ്ധാന്തത്തെ പിന്താങ്ങുന്നു. മലയാള ഭാഷോത്പത്തി സിദ്ധാന്തങ്ങളിൽ ഇതു ശ്രദ്ധേയമാകുന്നുണ്ട്.

സ്വാതന്ത്രഭാഷാ വാദത്തിൽ സൂചിപ്പിച്ചിരിക്കുന്നത് തമിഴ് ഭാഷയുടെ ഉപഭാഷയാണിത് എന്നുള്ളതിനെ എതിർക്കുകയും അതിപ്രാചീനകാലം മുതൽക്കേ മലയാള ഭാഷ ഇവിടെ ഉണ്ടായിരുന്നു, നിലനിന്നിരുന്ന ഒരു സ്വതന്ത്രഭാഷ എന്ന വസ്തുതയാണ്. ആറ്റൂർ കൃഷ്ണപിഷാരടി, ഉള്ളൂർ, കെ.ഗോദവർമ്മ, കെ.എം. ജോർജ്ജ്. സി.എൽ.ആന്റണി എന്നിവരും ഇതിനോട് യോജിക്കുന്നു.

  ശാസനങ്ങളുടെ ചരിത്രം

വാഴപ്പിള്ളി ശാസനം:- എഴുതപ്പെട്ടത് എ.ഡി 832ൽ ആണെന്ന് അനുമാനിക്കുന്നു. പഞ്ചാക്ഷരിയിലാരംഭിക്കുന്ന ഈ ശാസനം വ്യക്തമാക്കിത്തരുന്നത് ഹിന്ദുമതത്തിന്റേയും സംസ്‌കൃതത്തിന്റേയും മൂല്യവത്തായ ഭരണ നൈപുണ്യത്തെയാണ്. പക്ഷെ അന്നത്തെ നാടൻ വാമൊഴികൾ എന്തായിരുന്നുവെന്നോ പ്രജകൾ എങ്ങിനെയാണ് അവരുടെ സംസാരഭാഷ ഉപയോഗിച്ചിരുന്നത് എന്നതിനോ ലിഖിതരൂപേണയുള്ള തെളിവുകളായി ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നത് പ്രസക്തം. അത് അവ്യക്തമായ ഒന്നായി അവശേഷിക്കപ്പെടുന്നു. ഭാഷാ ചരിത്രമെന്നത് ഒരു നാടിന്റെ (കര) ചരിത്രമാകുന്നു. ഭാഷയുടെ തനതു സ്വഭാവം ആ നാട്ടിലെ ജനതയുടെ സ്വഭാവവുമാകുന്നു.

ക്രിസ്തുവർഷം 820 മുതൽ 844 വരെ കൊടുങ്ങല്ലൂരിനടുത്ത് മഹോദയപുരം ഭരിച്ചിരുന്ന രാജാവ് രാജരാജശേഖര ദേവൻ പരമേശ്വര ഭട്ടാരകന്റെ കാലത്താണ് ശാസനം എഴുതപ്പെട്ടത് എന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.

വാമൊഴി ചരിത്രത്തിന്റെ തെളിവുകളില്ലാത്ത നിലയ്ക്ക് മലയാള ഭാഷയുടെ ആവിർഭാവം വാഴപ്പിള്ളി ശാസനത്തിന്റെ കാലഘട്ടമായ എ.ഡി.832 ആണെന്നും കണക്കാക്കിയിരിക്കുന്നു. കേരള ചരിത്ര ഏടുകൾ പരിശോധിക്കുമ്പോഴാകട്ടെ ഈ ശാസന കാലഘട്ടത്തിൽ മലയാളം ഒരു സ്വതന്ത്രഭാഷാ സഞ്ചാരം തുടങ്ങുന്നതിനു മുമ്പ് അതായത് 3-4 മത്തെ ശതകങ്ങളിൽ ശിഥിലമായ 1-ാം ചേര സാമ്രാജ്യത്തിന്റെ അധഃപതനശേഷം 9-ാം നൂറ്റാണ്ടുവരെ കേരളചരിത്രത്തെ പരിപോഷിപ്പിക്കുന്ന വ്യക്തമായ തെളിവുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല എന്നതുമൊരു ദുഃഖ സത്യമാണ്. അതുകൊണ്ട് ഇത് ഇരുണ്ടുപോയതിനേക്കാൾ കൂടുതലായി കേരളത്തിന്റെ ചരിത്രവഴികൾ അടഞ്ഞതുമൂലം ഈ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന നിരന്തര കാര്യങ്ങളെപ്പറ്റി കോർത്തുവയ്ക്കാൻ യാതൊരു ലിഖിതങ്ങളും ചരിത്രകാരന്മാർക്ക് ലഭിക്കാതെ വന്നു എന്ന നിഗമനമാണുള്ളത്.

തരിസാപ്പള്ളി ശാസനം

ക്രിസ്തുമതക്കാരുടേയും, കേരളചരിത്രത്തിന്റേയും നിർണ്ണായകവും സുപ്രധാനവുമായ രേഖകളായി ലഭിച്ചിട്ടുള്ള ലിഖിതരൂപമായ ചെപ്പേടുകളാണിവ. ചേരരാജാവായിരുന്ന സ്ഥാണുരവിപെരുമാളിന്റെ സാമന്തരാജാവായി വേണാട് വാണിരുന്ന അയ്യനടികൾ തിരുവടികൾ പേർഷ്യാരാജ്യത്തുനിന്നും കുടിയേറിയ പൗരോഹിത്യമുഖ്യനും ധനവാനുമായിരുന്ന മാസാപ്രോ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച ലിഖിത അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ. കുരക്കേണി കൊല്ലത്താണിതിന്റെ ആസ്ഥാനമെങ്കിലും കൊല്ലത്ത് സ്ഥലം വ്യക്തമായി കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ലെന്നും ചൊല്ലുകൾ ഉണ്ട്. ഇതിന്റെ അതിർവരമ്പുകൾ കിഴക്ക് വയലക്കാടും തെക്കുകിഴക്ക് കോവിലകം ഉൾപ്പെടെ ചിറുവാതിക്കാൽ മതിൽ, പടിഞ്ഞാറ് കടൽ, വടക്ക് തോരണത്തോട്ടം, വടക്കുകിഴക്ക് പുന്നലൈ അണ്ടിലൻതോട്ടം എന്നിങ്ങനെയാണെന്നാണ് ശാസനത്തിൽ പറഞ്ഞിരിക്കുന്നതെന്ന് ചരിത്ര ഗവേഷണം കണ്ടെത്തിയിട്ടുള്ളത്. ഈ ശാസനം രചിക്കപ്പെട്ടത് എ.ഡി. 849-ാമാണ്ടിൽ, സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാമത്തെ വർഷത്തിലാണെന്നാണ് സൂചന.

ഈ ശാസനങ്ങളിൽ 2 തരം രേഖകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആദ്യത്തെ ശാസനം മൂന്ന് തകിടുകൾ അഥവാ ചെപ്പേടുകൾ ഉൾപ്പെടുന്നതാണ് കണക്കാക്കിയിരിക്കുന്നത്. ഈ മൂന്നു തകിടുകളിൽ ആദ്യത്തേട് മാർത്തോമ സഭയുടെ ആസ്ഥാനമായ തിരുവല്ലയിലെ പുലാത്തീനിലും രണ്ടാമത്തേത് മലങ്കര ഓർത്തഡോക്‌സ് സഭാസ്ഥാനമായ കോട്ടയം ദേവലോകത്തെ കത്തോലിക്കേറ്റ് അരമനയിലുമായാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും അനുമാനിക്കുന്നു. മൂന്നാം തകിട് നഷ്ടപ്പെട്ടതായും കണക്കാക്കിയിരിക്കുന്നു. കൂടാതെ രണ്ടാം ശാസനത്തിലെ 4 തകിടുകളുള്ളതിൽ ആദ്യത്തേതും കൈമോശം വന്നിരിക്കുന്നതായി അറിയുന്നു. ഇതിലെ രണ്ടും മൂന്നും തകിടുകൾ കോട്ടയത്തെ കത്തോലിക്കേറ്റ് അരമനയിലും നാലാമത്തെ തകിട് തിരുവല്ല പുലാത്തീനിലുമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന അറിവുമാണ് സൂചനയായുള്ളത്. ഈ തകിടുകൾ സമാനാകൃതിയിലല്ല. ഈ ശാസനകാലങ്ങളെപ്പറ്റി വളരെ വാഗ്വാദങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ഡിതവര്യൻ ഗോപിനാഥറാവു 9-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ സ്ഥാണുരവി ജീവിച്ചിരുന്നതായി പറയുന്നുവെന്ന് ചരിത്രത്താളുകളിൽ സൂചന നൽകിയിരിക്കുന്ന അറിവാണുള്ളത്. പക്ഷേ സ്ഥാണുരവി എ.ഡി. 844-ാമാണ്ടിലാണ് രാജ്യഭാരം ആരംഭിച്ചതെന്ന സൂചനയാണ് പ്രൊഫ.ഇളംകുളം കുഞ്ഞൻപിള്ള നൽകിയിരിക്കുന്നത്.

ശാസനകൾ എഴുതിയ കാലം മുതൽക്കേ സിറിയൻ ക്രിസ്ത്യാനികളുടെ കയ്യിൽ ഇത് വളരെ സുരക്ഷിതമായി സംരക്ഷിച്ചുപോന്നിരുന്നു. അന്ന് കേരളത്തിലെ സിറിയൻ മെത്രാനായിരുന്ന മാർ യാക്കോബ് 1530 ൽ കൊച്ചിയിലെ പോർച്ചുഗീസ് ഗവർണ്ണറുടെ കയ്യിൽ സുപ്രസിദ്ധമായ ‘ക്‌നായി തൊമ്മൻ’ ചെപ്പേട് രേഖകൾക്കൊപ്പം സൂക്ഷിക്കുവാനായി നൽകിയെങ്കിലും പിൽക്കാലങ്ങളിൽ അത് കൈമോശത്തിനിടയായി എന്നറിയപ്പെടുന്നു.

ബ്രിട്ടീഷ് കപ്പിത്താനായ ചാർളി സ്വാൻസ്റ്റൺ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ജേർണലിൽ പരാമർശിക്കുന്നത് ഇപ്രകാരമാകുന്നു. ‘300 വർഷങ്ങൾക്കു മുമ്പ് ഈ ശാസനങ്ങൾ അങ്കമാലിയിലെ (കേരള ക്രിസ്ത്യാനികൾ) മെത്രാനായിരുന്ന ജേക്കബ് അന്നത്തെ പോർച്ചുഗീസ് ഗവർണ്ണറുടെ കൈവശം സൂക്ഷിക്കുവാനേൽപ്പിച്ചു. എന്നാൽ പിന്നീടത് നഷ്ടപ്പെട്ട വാർത്തയറിഞ്ഞപ്പോൾ നാടു നടുങ്ങിപ്പോയി. കാരണം ക്രിസ്തുമതക്കാർക്ക് അവരുടെ അവകാശങ്ങൾ തെളിയിക്കാനായി ഒരു രേഖപോലുമില്ലാതായി. അങ്ങനെ പാരമ്പര്യാവകാശങ്ങൾ നഷ്ടത്തിന്റെ ചുഴിയിലുമകപ്പെട്ടു’ എന്നാകുന്നു.

ഇംഗ്ലീഷാധിപത്യം കേരളത്തിൽ ആരംഭിച്ചപ്പോൾ 1806 ൽ ഇംഗ്ലീഷ് വേദപ്രചാരകനായ ക്ലാഡ് ബുക്കാനന്റെ നിർദ്ദേശാനുസരണം കേണൽ മെക്കാളെ തിരുവിതാംകൂർ റെസിഡന്റായി വന്നശേഷം ഈ ചെപ്പേടുകൾക്കായി പുനരന്വേഷണത്തിന് ഉത്തരവിറക്കി. അങ്ങനെ ഉത്തരവിട്ട ഈ തിരച്ചിലിൽ ക്‌നായി തൊമ്മൻ ചെപ്പേട് വീണ്ടു കിട്ടിയില്ലെങ്കിലും ഒന്ന് ഒഴികെ ബാക്കിയെല്ലാം കണ്ടെടുത്തു. പിന്നീടിത് നഷ്ടപ്പെടാതിരിക്കാനായിട്ട് ഒരു തീരുമാനം കൈക്കൊണ്ടു. അതായത് 3 വ്യത്യസ്ത ചുമതലക്കാരൊന്നിച്ച് ഒരു തീരുമാനം എടുത്താൽ മാത്രമേ ഇത് പുറത്തെടുക്കാൻ കഴിയൂ, എന്ന രീതിയിലായിരുന്നു വ്യവസ്ഥ. ഈ ചെപ്പേടുകൾ തിരുവല്ലയിലും, കോട്ടയത്തുമായി സൂക്ഷിച്ചുവന്നു. മെക്കാളെ ശാസനങ്ങൾ തിരഞ്ഞു കണ്ടെടുത്തശേഷം ബുക്കാനന്റെ കൈവശം ഇവയുടെ ഫാക്‌സിമിലി കോപ്പി എടുക്കാനുള്ള അനുവാദം നൽകിയശേഷമായിരുന്നു ഇത് സൂക്ഷിക്കുവാൻ സുറിയാനി മെത്രാപ്പോലീത്തയുടെ കൈവശം ഏൽപ്പിക്കുവാൻ ഉത്തരവിട്ടതെന്നും പറയപ്പെടുന്നു. അങ്ങിനെയാണ് ഇത് ഭദ്രമായി കോട്ടയത്തെ സെമിനാരിയിൽ സൂക്ഷിച്ചുവന്നത്. അന്ന് അവിടുത്തെ ചുമതല മാത്യൂസ് മാർ അത്തനാസിയോസിനായിരുന്നു. ഇദ്ദേഹത്തിന്റെ കാലംവരെ ഈ ചെപ്പേടുകൾ അവിടെ ഭദ്രമായി സൂക്ഷിച്ചുവന്നു. പിന്നീട് ഇതിൽ ചിലത് നഷ്ടപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്. ചില തല്പരകക്ഷികളുടെ ഇടപെടൽമൂലം അവയെ കൈവശപ്പെടുത്തിയതോ, യഥാർത്ഥത്തിൽ നഷ്ടപ്പെട്ടതായോ ആകാനാണ് സാദ്ധ്യതയെന്നും ചില സഭാ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തത്ഫലമായി പണ്ഡിതന്മാരായ ഹെർമൻഗുണ്ടർട്ട്, ബുർണൽ, ഹോഗ് തുടങ്ങിയവർക്ക് ശാസനങ്ങളെ അവയുടെ പൂർണ്ണരൂപത്തിൽ പരിചയപ്പെടാനായില്ല എന്നും പറയപ്പെടുന്നു.

കേരളചരിത്രകാരന്മാരായ പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള, എ.ശ്രീധരമേനോൻ തുടങ്ങിയ പ്രഗത്ഭന്മാരുടെ ചരിത്ര ഗവേഷണപഠനങ്ങൾ മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി ആധികാരികമായി മനസ്സിലാക്കുവാനുതകുന്നതാകുന്നു. കൂടുതൽ മലയാള ഭാഷയുടെ ആവിർഭാവത്തെക്കുറിച്ച് മനസ്സിലാക്കിവരുമ്പോൾ മലയാളം ഒരു സ്വതന്ത്രഭാഷയായി തനതുശൈലീരൂപേണ ഇവിടെ നിലനിന്നതാണോ എന്ന അറിവിലേക്ക് നടന്നടുക്കാം..

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker