BREAKINGKERALA
Trending

മലവെള്ളപ്പാച്ചില്‍; മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടത്തും വെള്ളം കയറി

കോട്ടയം: മലയോരത്ത് മലവെള്ളപാച്ചില്‍. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബൈപാസ് റോഡിലടക്കം രാത്രിയില്‍ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. കൂട്ടിക്കല്‍ കാവാലി മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും അഭ്യൂഹമുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍പുഴയില്‍ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് അടക്കം കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
പുലര്‍ച്ചെയോടെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. അഞ്ചലിപ്പ, ഇരുപത്തിയാറാം മൈല്‍ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. ഇടക്കുന്നം മേഖലയില്‍ കൈത്തോടുകള്‍ നിറഞ്ഞ് കവിഞ്ഞതോടെ രാത്രിയില്‍ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രിയില്‍ അതിശക്തമായ മഴയാണ് പ്രദേശത്തുണ്ടായത്. രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ട്.

Related Articles

Back to top button