ബെംഗളൂരു നഗരത്തില്‍ ജനസാന്ദ്രത വര്‍ധിക്കുന്നതിനൊപ്പം നിരത്തുകളില്‍ പെരുകുന്ന വാഹനങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിന് വലിയ തോതില്‍ കാരണമാകുന്നു. നഗരത്തിലെ അന്തരീക്ഷം മലിനമാക്കുന്നതില്‍ മുന്‍പില്‍ വാഹനങ്ങളില്‍നിന്ന് പുറംതള്ളുന്ന പുകപടലമാണ്. നഗരപരിധിയിലെ(ബി.ബി.എം.പി.) അന്തരീക്ഷ മാലിന്യത്തില്‍ 48 ശതമാനവും വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയില്‍നിന്നാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
ബെംഗളൂരു റൂറല്‍ ജില്ലയില്‍ ഇത് 39 ശതമാനം വരും. അന്തരീക്ഷത്തിലേക്ക് മാലിന്യം തള്ളുന്നതില്‍ ലോറികളും മറ്റ് ചരക്കുവാഹനങ്ങളുമാണ് മുന്‍പിലെന്നും പഠനം പറയുന്നു. മരങ്ങളും കല്‍ക്കരിയും കത്തിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളാണ് മാലിന്യകാരികളില്‍ വാഹനങ്ങള്‍ക്ക് തൊട്ടുപിന്നില്‍. നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകളും അന്തരീക്ഷ മലിനീകരണത്തിന് ആക്കം കൂട്ടുന്നുണ്ട്.
അന്തരീക്ഷമലിനീകരണം കൂടുതലുള്ള 80 ഹോട്ട് സ്പോട്ടുകളും പഠനത്തില്‍ കണ്ടെത്തി. ബാഗിനപുര, സാങ്കി റോഡ്, കുഡ്‌ലു, ഹെബ്ബാള്‍, മേഖ്‌റി സര്‍ക്കിള്‍, ബൊമ്മസാന്ദ്ര, മാവില്ലപുര, ജിഗിനി, ശാന്തിനഗര്‍, വീരസന്ദ്ര എന്നീ കേന്ദ്രങ്ങളാണ് ഇവയില്‍ മുന്‍പിലുള്ളത്. വാഹനപുകയില്‍നിന്നുള്ള അന്തരീക്ഷമാലിന്യം കുറയ്ക്കാന്‍ വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുകയാണ്.
അടുത്ത കാലത്തായി കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ വൈദ്യുത ബസുകളിലേക്ക് ചുവടുമാറി വരുന്നു. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള കേന്ദ്രങ്ങളും നഗരത്തില്‍ വര്‍ധിച്ചുവരുന്നു.
46 Less than a minute