BREAKINGKERALA

മഴയില്‍ തകര്‍ന്ന മതില്‍ പുനര്‍നിര്‍മിക്കാന്‍ കോട്ടയം കളക്ടര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ചങ്ങനാശ്ശേരി വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയില്‍ തകര്‍ന്ന മതില്‍ പുനര്‍നിര്‍മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ആറ് ആഴ്ചയ്ക്കുള്ളില്‍ മതില്‍ പണിത് നല്‍കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. നിര്‍മാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റില്‍നിന്ന് ഈടാക്കാനും ജസ്റ്റിസ്മാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
സംസ്ഥാന ലാന്‍ഡ് റവന്യു കമ്മീഷ്ണര്‍ ഡോ. എ. കൗശികന് എതിരേ ചങ്ങനാശേരി സ്വദേശി കെ.സുരേഷ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. 2015-ലാണ് വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്ര കുളത്തിനും കനാലിനും സമീപത്തുള്ള സുരേഷിന്റെ വസ്തുവിനോട് ചേര്‍ന്ന് മതില്‍ പണിതത്.
ഈ മതില്‍ 2022-ലെ ശക്തമായ മഴയില്‍ തകര്‍ന്നു. ദുരന്തനിവാരണ ഫണ്ടില്‍നിന്ന് പണമെടുത്ത് മതില്‍ പുനര്‍നിര്‍മിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് മതില്‍ പണിയാന്‍ പണം നല്‍കാന്‍ കഴിയില്ല എന്ന നിലപാടാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ സ്വീകരിച്ചത്.സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയും ഹര്‍ജിക്കാരനായ കെ.സുരേഷിന് വേണ്ടി അഭിഭാഷകന്‍ അബ്ദുള്ള നസീഹും ഹാജരായി.
മഴയില്‍ തകര്‍ന്ന മതില്‍ മുനിസിപ്പാലിറ്റിയെക്കൊണ്ട് പുനര്‍നിര്‍മിക്കാനുള്ള അധികാരം പോലും ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് ഇല്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. മതില്‍ പണിയേണ്ടത് മുന്‍സിപ്പാലിറ്റി ആണെന്നും അവര്‍ കേസില്‍ കക്ഷിയല്ലെന്നും കൗശികന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം.
ഇടുക്കി ഏലം കുത്തകപാട്ട ഭൂമി കേസില്‍ കോടതി അലക്ഷ്യ നടപടികള്‍ക്ക് കൗശികനേ വിളിച്ച് വരുത്തിയത് കോടതി ചൂണ്ടിക്കാട്ടി. രണ്ട് ആഴ്ച മുന്‍പ് കോടതിയില്‍ നേരിട്ട് ഹാജരായതോടെയാണ് കോടതി അലക്ഷ്യ നടപടികളില്‍നിന്ന് ഡോ.കൗശികനേ ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് ഒഴിവാക്കിയത്.

Related Articles

Back to top button