BREAKING NEWSKERALALATEST

മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യ, കാര്‍ഡ് പുറത്ത് നിന്ന് കൊണ്ടുവന്നത്; ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ഒരു കാര്‍ഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് അധികൃതര്‍ പറഞ്ഞുവെന്നും അതില്‍ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു. എന്നാല്‍ അങ്ങനെ ഒപ്പിടാന്‍ കഴിയില്ലെന്നാണ് ഭാര്യ റെനീറ്റ നിലപാടെടുത്തത്.

ഇന്നാലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്നലെ രാത്രി 11.30ക്ക് അവസാനിച്ചുവെന്ന് ഭാര്യയുടെ അമ്മ പറഞ്ഞു. ഇ.ഡി അധികൃതര്‍ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ കൂട്ടിച്ചേര്‍ത്തു. അമ്മയെയും മക്കളെയും രണ്ട് മുറികളിലായാണ് പൂട്ടിയിട്ടതെന്നും ഇവര്‍ ആരോപിച്ചു.

ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സാക്ഷി ഹാളില്‍ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക് പോയിരുന്നില്ലെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു. തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രാത്രി കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. കുഞ്ഞിന് ഭക്ഷണം നല്‍കാനോ വസ്ത്രം മാറാന്‍ പോലും സാധിച്ചിട്ടില്ല. പാല്‍പ്പൊടി മാത്രമാണ് നല്‍കിയതെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു.

ബിനീഷിന്റെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും പുറത്തേക്ക് വിട്ടത്. ഇതിനിടെ, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിലെത്തി. എന്നാല്‍ ഇവരെയും വീടിനകത്തേക്ക് ഇഡിയും സിആര്‍പിഎഫും കയറ്റിവിട്ടില്ല. തുടര്‍ന്ന് ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഗേറ്റിനരികിലെത്തി ബാലാവകാശ കമ്മീഷനോട് കാര്യങ്ങള്‍ വിശദീകരിച്ചു.

എന്നാല്‍ ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നടപടി പൂര്‍ത്തിയാക്കാന്‍ തടസം നില്‍ക്കുന്നുവെന്നും ഇ.ഡി പറയുന്നു.

Related Articles

Back to top button