BREAKINGINTERNATIONALNATIONAL
Trending

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നവിസ് തന്നെ, സത്യപ്രതിജ്ഞ നാളെ

മുംബൈ: ഏറെ ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ തെരഞ്ഞെടുത്തു. ഫഡ്‌നവിസ് നാളെ മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മഹരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം മിന്നുന്ന വിജയം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം തര്‍ക്കത്തിലായിരുന്നു. ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ വഴങ്ങാതായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബിജെപി നേതാക്കള്‍ ഇടപെട്ടതോടെ ഷിന്‍ഡെ അയഞ്ഞു.
മഹായുതിയുടെ വന്‍ വിജയത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഫഡ്നാവിസ് ഇന്ന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കാണും. ശിവസേന അധ്യക്ഷന്‍ ഏകനാഥ് ഷിന്‍ഡെ, എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവരുമായി ഫഡ്‌നവിസ് കൂടിക്കാഴ്ച നടത്തും.
ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തില്‍, നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ബിജെപിയുടെ 132 എംഎല്‍എമാരുടെ പിന്തുണയില്ലാതെ താന്‍ ഇവിടെ ഉണ്ടാകില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദിയെന്നും ബിജെപിയുടെ ‘ഇരട്ട എഞ്ചിന്‍’ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘ഏക് ഹെയ് ടു സേഫ് ഹെയ്’ മുദ്രാവാക്യമാണ് മഹായുതിയുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കോര്‍ കമ്മിറ്റിയാണ് ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 288-ല്‍ 230 സീറ്റുകളും മഹായുതി സഖ്യം നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിച്ചത് ഷിന്‍ഡെയാണെന്നും മുഖ്യമന്ത്രിയായി അദ്ദേഹം തുടരണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മത്സരിച്ച 148 സീറ്റില്‍ 132ലും വിജയിച്ച ബിജെപിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിനര്‍ഹതയെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരണത്തിന് താനൊരു തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. നിയമസഭയില്‍ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് നിലവല്‍ സഖ്യകക്ഷികളിലൊന്നിന്റെ പിന്തുണ മാത്രമേ ആവശ്യമുള്ളൂവെന്നതും നേട്ടമായി. എന്‍സിപി നേരത്തെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

Related Articles

Back to top button