BREAKING NEWSKERALALATEST

‘മാത്യു കുഴല്‍നാടന്‍ എംഎല്‍എ നാടകം കളിക്കുകയായിരുന്നു’; വിവാദങ്ങളും രാജിക്ക് കാരണമെന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ

കൊച്ചി: മൂവാറ്റുപുഴയിലെ വിവാദ ജപ്തി സംഭവത്തില്‍ വിശദീകരണവുമായി മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ആയിരുന്ന ജോസ് പീറ്റര്‍. വ്യക്തിപരമായ കാര്യങ്ങള്‍ക്കൊപ്പം ബാങ്കുമായി ഉണ്ടായ വിവാദങ്ങളും രാജിക്ക് കാരണമാണെന്ന് ജോസ് പീറ്റര്‍ പറയുന്നു. ബാങ്ക് ചെയര്‍മാനെ അനാവശ്യമായി വിഷയത്തിലേക്ക് എടുത്തിട്ടു. നിയമപരമായിട്ടാണ് വീട് ജപ്തി ചെയ്തത്. നന്നായി ജോലി ചെയ്തതിന് നടപടി എന്തിനെന്ന് മനസിലായില്ല. രാജി സമ്മര്‍ദ്ദ തന്ത്രമല്ല. സഹകരണ മന്ത്രിയുമായി പ്രശ്‌നമില്ലെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ജോസ് പീറ്റര്‍ പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ നാടകം കളിക്കുകയായിരുവെന്നും ജോസ് പീറ്റര്‍ ആരോപിക്കുന്നു. താക്കോല്‍ കൊടുക്കാം എന്ന് പറഞ്ഞിരുന്നു. അത് കേള്‍ക്കാതെ വീടിന്റെ പൂട്ടുപൊളിച്ചു. കുട്ടികള്‍ അജേഷിന്റെ അമ്മ വീട്ടിലേക്ക് പോയി. അതിനാല്‍ പകരം വീട് കണ്ടെത്തേണ്ട സാഹചര്യം ഇല്ലായിരുന്നു. അജേഷ് 2017 ല്‍ എടുത്ത ലോണാണിത്. കുറെ അവധി കൊടുത്തിട്ടും തിരിച്ചടവ് ഉണ്ടായില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലായിരുന്നു. തന്നെ അജേഷ് വിളിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥര്‍ നിയമപരമായി മാത്രമാണ് ഇടപെട്ടതെന്നും ജോസ് കെ പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ജപ്തി വിവാദത്തില്‍ നിന്ന് തലയൂരാന്‍ മൂവാറ്റുപുഴയിലെ അജേഷിന്റെ വായ്പ കുടിശ്ശിക സിഐടിയു ഇടപെട്ട് തിരിച്ചടച്ചിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ സിഐടിയു അംഗങ്ങളായ ജീവനക്കാര്‍ ചേര്‍ന്നാണ് വായ്പ തിരിച്ചടച്ചത്. അജേഷിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ സമൂഹ മാധ്യങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ച സിപിഎമ്മിന്റെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പ്രതികരിച്ചിരുന്നു.
മാത്യു കുഴന്‍നാടന്‍ എംഎല്‍എ അജേഷിന്റെ വായ്പ കുടിശ്ശിക എത്രയെന്ന് അറിയിക്കണമെന്നും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാറെന്നും വ്യക്തമാക്കി ബാങ്കിന് കത്ത് നല്‍കിയിരുന്നു. രണ്ട് മണിക്കൂറിനകം അജേഷിന്റെ വായ്പ ബാങ്ക് ജീവനക്കാര്‍ തിരിച്ചടച്ചെന്ന് ഗോപി കോട്ടമുറിക്കല്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടു. പിന്നാലെ തന്റെ അനുമതിയില്ലാതെ ബാങ്കിലടച്ച പണം തനിക്കാവശ്യമില്ലെന്ന് അജേഷ് പ്രതികരിക്കുകയായിരുന്നു.
പട്ടികജാതിക്കാരനായ അജേഷ് അഞ്ച് വര്‍ഷം മുന്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശ്ശികയായത്. തുടര്‍ന്ന് ജപ്തിക്കായി കഴിഞ്ഞ ശനിയാഴ്ച ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി. ഗുരുതരമായ ഹൃദ്രോഗത്തിന് ചികിത്സ തേടി അജേഷും കൂട്ടിരിപ്പുകാരിയായി ഭാര്യയും ഈ സമയം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടര്‍ന്ന് 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. ഇത് വലിയ വിവാദത്തിനും വിമര്‍ശനത്തിനും വഴി വച്ചതോടെയാണ് വായ്പ തിരിച്ചടച്ച് പ്രശ്‌നത്തില്‍ നിന്ന് തലയൂരാന്‍ ബാങ്ക് ശ്രമിച്ചത്. ഇത് അജേഷ് നിഷേധിച്ചതോടെ ബാങ്ക് വീണ്ടും വെട്ടിലായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker