KERALALATEST

മാധ്യമലോകത്തെ കാര്‍ണവര്‍… സ്വന്തം റോയ്‌സാര്‍

കെ.എം.റോയ്… മലയാളികളായ മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അദ്ദേഹം. തങ്ങളുടെ നാട്ടുകാരന്‍, ഗുരുനാഥന്‍, സഹപ്രവര്‍ത്തകന്‍ ഇങ്ങനെ ഓരോ മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തെക്കുറിച്ച് പറായന്‍ ഓരോരോ സ്ഥാനങ്ങളുണ്ടായിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും റോയ്‌സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ വിദ്യാര്‍ത്ഥിയായി ഇരിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ വളരെ കുറവായിരിക്കും. അങ്ങനെ കാര്‍ണവര്‍ സ്ഥാനത്തിരുന്ന പ്രിയപ്പട്ട റോയ്‌സാറിന്റെ വേര്‍പാടോടെ മലയാള മാധ്യമ ലോകത്തെ ഒരു യുഗം അവാസാനിച്ചിരിക്കുന്നു. മഹാരാജാസ് കോളജിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനില്‍ തുടങ്ങി പത്രപ്രവര്‍ത്തകനായി പേരെടുത്ത് പിന്നീട് പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും അധ്യാപകനായും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവായുമെല്ലാം മാറിയ മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹ.
വെല്ലുവിളികളെ ചിരിച്ചു കൊണ്ടു നേരിടാന്‍ ശീലിച്ച, എന്നും പ്രസരിപ്പിന്റെ ആള്‍രൂപമായിരുന്ന അദ്ദേഹം. ജീവിതയാത്രയുടെ ഇടയില്‍ ക്ഷണിക്കാതെ എത്തിയ അഥിതിയായ പക്ഷാഘാതം അദ്ദേഹം സ്വതസിദ്ധമായ ചങ്കുറപ്പോടെ തന്നെ നേരിടുകയും ചെയ്തു. രോഗതളര്‍ച്ചയില്‍ കര്‍മമണ്ഡലങ്ങളില്‍നിന്ന് അകന്നു വീട്ടില്‍ വിശ്രമ ജീവിതം നയിക്കേണ്ടി വന്നെങ്കിലും വാര്‍ത്തകളില്‍ ആനന്ദം കണ്ടെത്തുന്ന ജീവിതം തന്നെയാണ് അദ്ദേഹം നയിച്ചിരുന്നത്. എന്നും രാവിലെ 2 പത്രം മുടങ്ങാതെ വായിക്കും. പിന്നെ ടിവി ചാനലുകളിലെ വാര്‍ത്തകള്‍ക്കൊപ്പമാണു പകല്‍.
ചങ്ങാത്തത്തിന്റെ കോട്ടകെട്ടി ജീവിച്ച റോയിക്ക് ഈ പ്രതിസന്ധിയിലും വലിയ താങ്ങ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സൗഹൃദ വലയമാണ്. രാഷ്ട്രീയനേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന മത്തായി മാഞ്ഞൂരാന്‍ ആയിരുന്നു റോയിയൂടെ വഴികാട്ടി. മഹാരാജാസില്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കെഎസ്പിയുടെ വിദ്യാര്‍ഥി നേതാവായിരുന്നു റോയ്. എ.കെ.ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പടെയുള്ളവര്‍ കെഎസ്‌യു നേതാക്കളായി വാഴുന്ന കാലത്തു തന്നെയാണു റോയ് സോഷ്യലിസ്റ്റ് നേതാവായും തിളങ്ങിയത്.
കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന നിലയിലേക്ക് റോയ് വളര്‍ന്നു വരുമെന്നാണ് താന്‍ ഉള്‍പ്പടെയുള്ള അധ്യാപകര്‍ കരുതിയതെന്ന് അവിടെ അധ്യാപകനായിരുന്ന പ്രഫ.എം.കെ.സാനു അനുസ്മരിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയമല്ല, പത്രപ്രവര്‍ത്തനമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ റോയ്, മത്തായി മാഞ്ഞൂരാന്റെ തന്നെ പത്രമായ കേരള പ്രകാശത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതില്‍ വന്ന ലേഖനങ്ങള്‍ കൊണ്ടു തന്നെ അതിവേഗം ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും വാര്‍ത്താഏജന്‍സിയായ യുഎന്‍ഐയിലും റിപ്പോര്‍ട്ടറായി.
മംഗളം പത്രത്തിന്റെ ജനറല്‍ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകള്‍ നീണ്ട സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്നു വിരമിച്ചത്. മികച്ച പ്രസംഗകനായും പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉള്‍പ്പടെയുള്ള ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവര്‍ത്തകര്‍ക്കു വഴികാട്ടിയുമായി. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത മാധ്യമ പുരസ്‌കാരമായ സ്വദേശാഭിമാനികേസരി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker