മാന്നാര്‍: മലയാളികളുടെ ഒരുമയാണ് ഓണാഘോഷത്തെ മനോഹരമാക്കുന്നതെന്നും അതാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ മേന്മയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. 58-ാമത് മാന്നാര്‍ മാഹാത്മാഗാന്ധി ജലമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ജലോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ.എന്‍.അഡ്വ.എന്‍.ഷൈലാജ് അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മഹാത്മാ ഗാന്ധി പുരസ്‌കാര ജേതാവ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മമല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാനുമായ എല്‍.വി അജയകുമാറിനെ മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ കുര്യന്‍ ചടങ്ങില്‍ ആദരിച്ചു. ആന്റോ ആന്റണി എം.പി, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, ജലോത്സവ സമിതി ജനറല്‍ സെക്രട്ടറി ടി.കെ ഷാജഹാന്‍, രവിതൈച്ചിറ എന്നിവര്‍ സംസാരിച്ചു.
പമ്പയുടെ ഓളപ്പരപ്പില്‍ ആവേശം വിതറിയ മത്സര വള്ളംകളിയില്‍ അരുണ്‍ തോമസ് ഏബ്രഹാം ക്യാപ്റ്റനായ മേല്പാടം ചുണ്ടന്‍ ജേതാവായി. റോയി മാത്യു അഗസ്റ്റീന്‍ ക്യാപ്റ്റനായ വലിയ ദിവാന്‍ജി രണ്ടാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് മത്സരത്തില്‍ സന്തോഷ് പരുമലയും രാജന്‍ സുജൂദും ക്യാപ്റ്റനായ അമ്പലക്കടവന്‍ ജേതാവായി. മിഖായേല്‍ വര്‍ഗീസ് ക്യാപ്റ്റനായ മണലി രണ്ടാം സ്ഥാനവും റ്റിംസ് ഏബ്രഹാം ക്യാപ്റ്റനായ നവജ്യോതി മൂന്നാം സ്ഥാനവും നേടി. വെപ്പുവള്ളം വിജയികളായ അമ്പലക്കടവന് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ട്രോഫി ചാണ്ടി ഉമ്മന്‍ എം.എല്‍.എ സമ്മാനിച്ചു. ചുണ്ടന്‍ വള്ളം വിജയികള്‍ക്ക് ജലോത്സവ കമ്മിറ്റി ഭാരവാഹികളായ എന്‍.ഷൈലാജ്, ടി.കെ ഷാജഹാന്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു.
77 1 minute read