കൊച്ചി: കോട്ടയത്തിന് പിന്നാലെ എറണാകുളം മാമലയിലും കെ റെയിലിനെ ചൊല്ലി സംഘര്‍ഷം. കല്ലിടാന്‍ മാമലയിലെത്തിയ സില്‍വര്‍ലൈന്‍ സര്‍വ്വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഗോ ബാക്ക് വിളികളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ പിഴുത് നാട്ടുകാര്‍ തോട്ടിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കോട്ടയം നട്ടാശ്ശേരിയില്‍ പ്രതിഷേധക്കാര്‍ കല്ലുകള്‍ പിഴുത് സര്‍വെ ഏജന്‍സികളുടെ വാഹനത്തില്‍ തിരികെ കൊണ്ടിട്ടു. രണ്ടു കല്ലുകളുമായി പ്രദേശത്തെ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തെത്തിയ പ്രതിഷേധക്കാര്‍ വില്ലേജ് വളപ്പില്‍ കുഴികുത്തി കല്ലിട്ടു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടയത്ത് സര്‍വ്വേ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു.