KERALALATEST

മാമാങ്കം കഴിഞ്ഞു, ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍, വോട്ടുദിനം ചര്‍ച്ചയായത് ദേവഗണങ്ങള്‍ തന്നെ

വാദപ്രതിവാദങ്ങളുടെയും വികസനത്തിന്റെയും വികസന മുരടിപ്പിന്റെ ആഴ്ചകള്‍ നീണ്ട പോരാട്ടം അവസാനിച്ചു. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരംതൊടുക്കലിന് താത്കാലിക വിരാമം. തിരഞ്ഞെടുപ്പെന്ന മാമാങ്കത്തിന്റെ തിരശീല വീണു. വിശ്വാസികളും അവിശ്വാസികളും നിഷ്പക്ഷരും കടുത്ത പാര്‍ട്ടി അനുഭാവികളുമെല്ലാം തങ്ങളുടെ മൗലികാവകാശം നിര്‍വഹിച്ചു കഴിഞ്ഞു. ജനം എന്ന രാജാക്കന്മാരുടെ കൈവിരല്‍ തൊട്ട അധികാരം ഇവിഎം എന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഭദ്രമായി താഴിട്ടുപൂട്ടി. അടുത്ത അഞ്ച് വര്‍ഷം രാജാക്കന്മാരെ ഭരിക്കുന്ന മന്ത്രിമാര്‍ ആരൊക്കെ… അത് അറിയാനുള്ള കാത്തിരുപ്പാണ് ഇനിയുള്ള ഒരു മാസം.

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട ഒരു മാസം കടന്നു പോയിരിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെമേല്‍ പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ഇഴകീറി പരിശോധിക്കപ്പെട്ടു. അയ്യപ്പനും ശബരിമലയും വിശ്വാസങ്ങളുമെല്ലാം മുക്കിലും മൂലിയിലും വരെ ചര്‍ച്ചയായി. സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ക്കൊപ്പം യുഡിഎഫ് ശബരിമലയും ചര്‍ച്ചയായി ഉയര്‍ത്തി. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് വിശ്വാസവും അയ്യപ്പനും തന്നെയായിരുന്നു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ എന്‍ഡിഎയുടെ മുഖ്യതെരഞ്ഞെടുപ്പ് ആയുധം തന്നെ ശബരിമലയായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കോന്നിയില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കാന്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ മന്ത്രോഛാരണം പോലെ ഉയര്‍ത്തിയ ശരണം വിളി. തിരഞ്ഞെടുപ്പ് വേദിയില്‍ വേണ്ടത് ഇത്തരം ഗിമ്മിക്കുകളല്ല എന്ന് വാദം എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിച്ചെങ്കിലും മോദിയുടെ ശരണംവിളിയുടെ പ്രതിഫലനം എന്തെന്ന് അറിയണമെങ്കില്‍ മേയ് രണ്ടിന് ഇവിഎം എന്ന മാന്ത്രികപ്പെട്ടി തുറക്കണം.

ആരോപണ പ്രത്യാരോപണങ്ങളുടെ കാലാശക്കൊട്ട് കഴിഞ്ഞ് ജനം വിധിയെഴുതാന്‍ പോളിങ് ബൂത്തിലേക്ക് എത്തിക്കോണ്ടിരിക്കുമ്പോഴാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വീണ്ടും ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരേ വിശ്വാസശരം തൊടുത്തത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്നായിരുന്ന രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന് എതിരായി വ്യക്തമായ നിലപാട് പ്രകടിപ്പിക്കുന്നതായിരുന്നു ഈ പ്രതികരണം. വൈകാതെ തന്നെ ഇതിന്റെ അലയൊലികള്‍ സംസ്ഥാനം ഒട്ടാകെ പടര്‍ന്നു.

അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്നു സുകുമാരന്‍ നായര്‍ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചതോടെ ശബരിമല ചര്‍ച്ചയ്ക്ക് വീണ്ടും വഴിയൊരുക്കുകയായിരുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ജനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തവര്‍ക്കൊപ്പമാണ് ദേവഗണങ്ങള്‍ നിലകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശക്തമായ പ്രതികരണമാണ് നടത്തിയത്. ശബരിമല വിഷയത്തില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍എസ്എസിന്റെ നിലപാട് വിമര്‍ശിച്ചിരുന്ന അദ്ദേഹം ഇന്ന് ആ നിലപാട് അനുകൂലിച്ച് ഒരു പ്രസ്താവന നടത്തുന്നത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടുമാത്രമാണ്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ഇടതുപക്ഷ നേതാക്കളെല്ലാം വിശ്വാസികളെ ലക്ഷ്യംവെച്ചുകൊണ്ട് പതിവില്ലാത്ത വിധത്തിലുള്ള പ്രസ്താവനകളാണ് നടത്തിയത്. കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും വിശ്വാസത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ചു. ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നെന്ന് കോടിയേരി പറഞ്ഞു. എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹം നടത്തിയതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും കാനം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാനം ആരോപിച്ചു.
എന്‍എസ്എസ് പൊതുവെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കാറുള്ള സമദൂര നിലപാട് ഉപേക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് പ്രകടിപ്പിക്കുന്ന ഈ പ്രസ്താവന പിന്നീട് വോട്ടെടുപ്പ് ദിനത്തിലെ ചര്‍ച്ചകളുടെ അജണ്ട നിര്‍ണയിക്കുന്നതായി മാറുകയായിരുന്നു. തുടര്‍ന്ന് ഇടതുപക്ഷ നേതാക്കള്‍ക്ക് വിഷയത്തില്‍ പ്രതികരണം നടത്താതിരിക്കാന്‍ കഴിയാത്ത നിലവന്നു.

കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി. കെ. മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയവരും വിഷയം ഏറ്റെടുത്തു. വോട്ടെടുപ്പിനിടെ ശബരിമലയും വിശ്വാസവും ചര്‍ച്ചയാകുന്നതിലെ അപകടം ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. വോട്ടെടുപ്പ് ദിനത്തില്‍ വിശ്വാസം സംബന്ധിച്ച ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുന്‍ മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്.

എന്തായാലും പ്രളയവും പ്രളയഫണ്ട് തട്ടിപ്പും, സ്വര്‍ണ്ണക്കടത്തും ഇത്തരക്കാരുമായുള്ള ഭരണതലപ്പത്തുള്ളവരുടെ വഴിവിട്ട ബന്ധവും ബന്ധുനിയമനങ്ങളും മുട്ടിലിഴയുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധങ്ങളും സാമൂഹിക ക്ഷേമ പെന്‍ഷനും ഭക്ഷ്യക്കിറ്റുമെല്ലാം ചര്‍ച്ചയില്‍ നിറഞ്ഞു നിന്നപ്പോഴും വോട്ടെടുപ്പ് ദിനത്തില്‍ എന്‍എസ്എസ് ഉയര്‍ത്തിയ വിശ്വാസം ഇതുക്കു മേലേ ചര്‍ച്ചയായോയെന്ന് കണ്ടിരുന്നകാണണം

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker