BREAKINGKERALA

മാമി തിരോധാനക്കേസ്: എഡിജിപി വഴി റിപ്പോര്‍ട്ട് അയക്കരുതെന്ന നിര്‍ദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

തിരുവനന്തപുരം: കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനക്കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഡി.ജി.പി വിലക്കിയിട്ടും റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ വഴി അയക്കുന്നത് തുടര്‍ന്നതാണ് അതൃപ്തിക്കിടയാക്കിയത്.
മലപ്പുറം മുന്‍ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിര്‍ദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോര്‍ട്ടുകള്‍ അയച്ചത്. ഇതുസംബന്ധിച്ച ഇരുവരോടും വിശദീകരണം തേടാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കി.
മലപ്പുറം എസ്.പി.യുടെ കീഴിലുള്ള സ്‌ക്വാഡും കോഴിക്കോട് കമ്മീഷണറുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിച്ചിരുന്നത്. പി.വി. അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ, തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ ഫയലുകള്‍, റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ മുഖേന ഡി.ജി.പിക്ക് അയക്കരുതെന്നും ഡി.ഐ.ജിയോ ഐ.ജിയോ വഴി റിപ്പോര്‍ട്ട് അയക്കാനായിരുന്നു ഡി.ജി.പിയുടെ നിര്‍ദേശം. എന്നാല്‍ നിര്‍ദേശം അവഗണിച്ചു കൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണനും അന്നത്തെ മലപ്പുറം എസ്.പി. ശശിധരനും റിപ്പോര്‍ട്ടുകള്‍ എം.ആര്‍. അജിത് കുമാര്‍ വഴി അയച്ചു കൊണ്ടിരുന്നുവെന്നാണ് വിവരം.
നിലവില്‍ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോള്‍ ഡിജിപി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button