BUSINESSBUSINESS NEWS

മാരിടൈം സ്റ്റാര്‍ട്ടപ്പുകളില്‍ 50 കോടി നിക്ഷേപിക്കും

കൊച്ചി: മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് 50 കോടി രൂപയുടെ നിക്ഷേപം നടത്തും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്റ് വാട്ടര്‍വെയ്‌സ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ ആണ് ഷിപ് യാര്‍ഡിന്റെ സ്റ്റാര്‍ട്ടപ് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്.
മാരിടൈം മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. കൊച്ചി കപ്പല്‍ശാലയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതിക്കായി മാത്രമാണ് 50 കോടിയുടെ ഫണ്ട് പ്രാഥമികമായി വകയിരുത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
രാജ്യത്ത് സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ബദ്ധശ്രദ്ധരാണെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള വലിയ സംരംഭങ്ങള്‍ രാജ്യത്ത് നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചക്ക് വഴിതുറന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മാരിടൈം മേഖലയിലും സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വളര്‍ത്തിക്കൊണ്ടുവരാന്‍ മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യ, കാര്യനിര്‍വഹണം, ധനകാര്യം, മാര്‍ക്കറ്റിംഗ് എന്നീ കാഴ്ചപ്പാടുകളിലൂന്നുന്ന സംരംഭകരെ ഒരുമിപ്പിച്ചു മുന്നോട്ടു കൊണ്ടുവരാനും പ്രതിഭാധനരായ യുവ സംരംഭകര്‍ക്ക് മാരിടൈം മേഖലക്കാവശ്യമായ പ്രോഡക്ടുകളും സേവനങ്ങളും വികസിപ്പിക്കുന്നതിനും പുതിയ പദ്ധതി വേദിയൊരുക്കും. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നല്‍കും.
രാജ്യത്തെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് കാരിയര്‍ നിര്‍മിച്ചുകൊണ്ട് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ കൊച്ചി കപ്പല്‍ശാല കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ അനുപമമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി കപ്പല്‍ശാല പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന ദൗത്യങ്ങളും ഗ്രീന്‍ ഷിപ്പിംഗിന് നല്‍കുന്ന സംഭാവനകളും മാതൃകാപരമാണെന്നും അദ്ദേഹം പ്രശംസിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker