BREAKING NEWSLATESTNATIONAL

മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; വാക്‌സിന്‍ പാഴാക്കല്‍ സംസ്ഥാന വിഹിതത്തെ ബാധിക്കും

ന്യൂഡല്‍ഹി: ജൂണ്‍ 21നാരംഭിക്കുന്ന ദേശീയ കോവിഡ് വാക്‌സിനേഷന്‍ പരിപാടി നടപ്പാക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി. രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള യോഗ്യരായ എല്ലാ പൗരര്‍ക്കും സൗജന്യമായി വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വിഷയങ്ങളുടെ വിശദീകരണമാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തിനാവശ്യമായ നിക്ഷേപം, വാക്‌സിന്‍ ലഭ്യത, വാക്‌സിന്‍ വിതരണ പ്രക്രിയയിലുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ദേശീയ വാക്‌സിന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
വാക്‌സിന്‍ നിര്‍മാതാക്കളുടെ പക്കല്‍ നിന്ന് പ്രതിമാസ ഉത്പാദനത്തിന്റെ 75 ശതമാനം സര്‍ക്കാര്‍ സമാഹരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. യോഗ്യരായ പൗരര്‍ക്ക് പൂര്‍ണമായും സൗജന്യമായി സംസ്ഥാനങ്ങള്‍ വിതരണം ചെയ്യണം. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് സ്വീകരിച്ച് വിലയീടാക്കി വിതരണം ചെയ്യാവുന്നതാണെന്നും മോദി പറഞ്ഞു.

പുതുക്കിയ വാക്‌സിന്‍ വിതരണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
1.വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതിമാസം ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകൃത വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ വഴി 18 വയസ് കഴിഞ്ഞ യോഗ്യരായ പൗരര്‍ക്ക് സൗജന്യമായി നല്‍കണം. മുന്‍ഗണനാ ക്രമത്തിലായിരിക്കണം വിതരണം നടത്തേണ്ടത്. ജൂണ്‍ 21 മുതലാണ് സൗജന്യവാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്.
2.ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവര്‍, 18 വയസ് പൂര്‍ത്തിയായവര്‍/അതിന് മുകളില്‍ പ്രയമുള്ളവര്‍ എന്ന വിധത്തിലായിരിക്കണം വിതരണത്തില്‍ പാലിക്കേണ്ട മുന്‍ഗണനാക്രമം.
3.18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ മുന്‍ഗണനാക്രമം അതാത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിശ്ചയിക്കാം.
4.ജനസംഖ്യ, രോഗവ്യാപനം, വാക്‌സിനേഷന്റെ പരിപാടിയുടെ പുരോഗതി, നേരത്തെ നല്‍കിയ വാക്‌സിന്റെ പാഴാക്കല്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമുള്ള വാക്‌സിന്‍ വിതരണം കേന്ദ്രം നടപ്പിലാക്കുന്നത്.
5.സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കുന്ന വാക്‌സിന്റെ അളവ് കേന്ദ്രം അറിയിക്കും. ഇതനുസരിച്ച് വാക്‌സിന്‍ വിതരണത്തിനുള്ള നടപടിപടികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മുന്‍കൂട്ടി തയ്യാറാക്കാവുന്നതാണ്. ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന/കേന്ദ്രഭരണസര്‍ക്കാരുകളില്‍ നിക്ഷിപ്തമായിരിക്കും.
6.വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കുള്ള പ്രോത്‌സാഹനമെന്ന നിലയില്‍ പ്രതിമാസ ഉത്പാദനത്തിന്റെ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതിയുണ്ട്. വലുതും ചെറുതുമായ സ്വകാര്യ ആശുപത്രികളിലും പ്രാദേശികാടിസ്ഥാനത്തിലും വിതരണത്തില്‍ സമതുലിതാവസ്ഥ പാലിക്കുന്നതായി ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന/ കേന്ദ്രഭരണ സര്‍ക്കാരുകള്‍ക്കായിരിക്കും. ആവശ്യമനുസരിച്ച് സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വിതരണവും നിര്‍മാണകമ്പനികള്‍ക്കുള്ള വില നല്‍കലും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോമിലൂടെ നടപ്പാക്കാന്‍ കേന്ദ്രം സൗകര്യമൊരുക്കും.
7.സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ വില നിര്‍മാണക്കമ്പനി നിശ്ചയിക്കും. വിലയില്‍ വരുത്തുന്ന മാറ്റം കമ്പനി മുന്‍കൂറായി അറിയിച്ചിരിക്കണം. വാക്‌സിന്‍ നല്‍കുന്നതിന്റെ സര്‍വീസ് ചാര്‍ജായി 150 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ക്ക് ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കാവുന്നതാണ്.
8.വരുമാനത്തിനുപരിയായി രാജ്യത്തെ എല്ലാ പൗരര്‍ക്കും സൗജന്യവാക്‌സിന് അര്‍ഹതയുണ്ടായിരിക്കും. വില നല്‍കി വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിവുള്ളവരെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കും.
9.’ലോക് കല്യാണ്‍’ പ്രചരിപ്പിക്കുന്നതിനായി സ്വകാര്യആശുപത്രികളില്‍ ഇലക്ട്രോണിക് വൗച്ചറുകള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാനുള്ള അവസരം ഇതിലൂടെ നല്‍കാന്‍ സാധിക്കും.
10.കോവിന്‍ പ്ലാറ്റ് ഫോം കൂടാതെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും മുന്‍കൂര്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ലഭ്യമാക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പൗരരുടെ അസൗകര്യം പരമാവധി കുറയ്ക്കുന്ന വിധത്തില്‍ സംസ്ഥാന/കേന്ദ്രഭരണസര്‍ക്കാരുകള്‍ അന്തിമമായി തീരുമാനമെടുത്ത് അറിയിക്കേണ്ടതാണ്.
11.സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന് വേണ്ടി പൊതു സേവനകേന്ദ്രങ്ങളും കോള്‍ സെന്ററുകളും സംസ്ഥാസര്‍ക്കാരുകള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker