BREAKING NEWSKERALA

മാലിന്യമില്ലാത്ത അന്തരീക്ഷം അവകാശം, ജനങ്ങള്‍ക്കത് നഷ്ടമാകുന്നു; ബ്രഹ്‌മപുരംവിഷയത്തില്‍ വിമര്‍ശിച്ച് കോടതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുക പടരുന്ന സാഹചര്യത്തില്‍ കര്‍ശനനിര്‍ദേശവുമായി ഹൈക്കോടതി. മാലിന്യമില്ലാത്ത അന്തരീക്ഷം ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലെ ജനങ്ങള്‍ക്ക് നഷ്ടമാവുന്നു. പൊതുജനങ്ങളുടെ താത്പര്യത്തിനാണ് കോടതി പ്രഥമപരിഗണന നല്‍കുന്നത്. ബ്രഹ്‌മപുരം പ്രശ്നത്തില്‍ ശാശ്വതപരിഹാരമാണ് വേണ്ടത്. അതുകൊണ്ടാണ് ഉത്തരവാദപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി പറഞ്ഞു.
മാലിന്യ നീക്കത്തിന് കാര്യക്ഷമമായ സംവിധാനം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ഉറവിടങ്ങളില്‍ തന്നെ മാലിന്യം വേര്‍തിരിച്ചെടുക്കണം. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന രീതി വ്യാപകമായി കാണുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണം. കൂടുതല്‍ പേജുകളുള്ള റിപ്പോര്‍ട്ടുമായി കോടതിയില്‍ വരികയല്ല വേണ്ടത്. കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്ന് ലളിതമായി പറഞ്ഞാല്‍ മതി. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ അത് തീര്‍ക്കുകയും വേണമെന്നും കോടതി വാക്കാല്‍ പറഞ്ഞു.
അതേസമയം, മാലിന്യ പ്ലാന്റിന് വൈദ്യുതി കണക്ഷനില്ലെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് ജനറേറ്ററിലാണ്. ഇത് ഗൗരവമായി കാണുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ പ്ലാന്റില്‍ വൈദ്യതി ലഭ്യമാക്കാന്‍ ഹൈക്കോടതി കെ.എസ്.ഇ.ബിയോട് നിര്‍ദ്ദേശിച്ചു.
ഉന്നതതല സമിതി തിരുവനന്തപുരത്ത് ഇന്ന് യോഗം ചേരുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഞ്ചുമണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കളക്ടര്‍ കോടതിയില്‍ ബുധനാഴ്ച നേരിട്ട് ഹാജരായി. തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ഓണ്‍ലൈനായും ഹാജരായിരുന്നു. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. കളക്ടര്‍ അടക്കമുള്ളവരോട് അന്നും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker