വെറും പതിനായിരം രൂപ മാത്രം മാസം സമ്പാദിക്കുന്ന തൊഴിലാളിക്ക് ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റയച്ചത് രണ്ട് കോടിയുടെ നോട്ടീസ്. ബിഹാറിലെ ഗയ ജില്ലയിലുള്ള തൊഴിലാളിക്കാണ് 2 കോടിയിലധികം രൂപയുടെ നോട്ടീസ് വന്നിരിക്കുന്നത്. ഇതോടെ യുവാവും കുടുംബവും വലിയ ആശങ്കയിലാണ്.
ഗയയിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ ഏരിയയില്‍ താമസിക്കുന്ന രാജീവ് കുമാര്‍ വര്‍മ എന്നയാള്‍ക്കാണ് രണ്ട് കോടി രൂപയുടെ നോട്ടീസ് അയച്ചത്. അത്, തന്നെയും കുടുംബത്തെയും ഞെട്ടിച്ചെന്നും ദുരിതത്തിലാക്കി എന്നുമാണ് രാജീവ് കുമാര്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റ് തുടര്‍ച്ചയായി രാജീവിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍, പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
താനൊരു തൊഴിലാളിയാണ്, ഈ ജീവിതകാലം മുഴുവനും ജോലി ചെയ്താലും തനിക്ക് രണ്ട് കോടി രൂപ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നും രാജീവ് കുമാര്‍ പറയുന്നു. 2015 ജനുവരി 22 -ന് കോര്‍പ്പറേഷന്‍ ബാങ്കിന്റെ ഗയ ശാഖയില്‍ താന്‍ 2 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയെങ്കിലും 2016 ഓഗസ്റ്റ് 16 -ന് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അത് പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു.
രണ്ട് കോടിയുടെ നോട്ടീസ് വന്നതിന് പിന്നാലെ ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റിന്റെ ഓഫീസില്‍ ചെന്നിരുന്നു രാജീവ് കുമാര്‍. ഇത് എന്തെങ്കിലും സാങ്കേതികമായ തകരാര്‍ മൂലം സംഭവിച്ചതായിരിക്കാം. ഒരു അപ്പീല്‍ നല്‍കിയാല്‍ മതി പരിഹരിക്കപ്പെടും എന്നാണ് അവിടെ നിന്നും അറിയിച്ചത്. തുടര്‍ന്ന് രാജീവ് കുമാര്‍ അപ്പീലും നല്‍കി.
അതേസമയം, പിഴയിനത്തില്‍ രണ്ടു ദിവസത്തിനകം 67 ലക്ഷം രൂപ നല്‍കാനാണ് രാജീവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇന്‍കം ടാക്‌സ് എന്നാല്‍ എന്താണെന്ന് പോലും എനിക്കറിയില്ല, പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്ന ഒരാള്‍ക്ക് എങ്ങനെ റിട്ടേണ്‍ ഫയല്‍ ചെയ്യാനാകും’ എന്നാണ് രാജീവ് കുമാര്‍ ചോദിക്കുന്നത്.
53 1 minute read