BREAKING NEWSLATESTWORLD

മാസ്‌ക് ധരിക്കില്ലെന്ന് 30 വിദ്യാര്‍ഥികള്‍; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വൈകിയത് ഒരു ദിവസം

വാഷിങ്ടണ്‍: മാസ്‌ക് ധരിക്കാന്‍ കൗമാരക്കാര്‍ വിസമ്മതിച്ചതോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വൈകിയത് ഒരു ദിവസം. നോര്‍ത്ത് കരോളിനയില്‍ നിന്ന് ബഹാമാസിലേക്കുള്ള വിമാനമാണ് ഒരു ദിവസത്തോളം വൈകി സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച നാടകീയ സംഭവങ്ങളാണ് വിമാനം വൈകുന്നതിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് യാത്ര പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് നാടകീയ സംഭവങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ടേക്ക് ഓഫ് ചെയ്യുന്നത്. വിമാനം യാത്രയ്‌ക്കൊരുങ്ങേണ്ട സമയത്ത് ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇവ പരിഹരിച്ച് വിമാനം യാത്രയ്ക്ക് സജ്ജമായപ്പോഴാണ് വിദ്യാര്‍ഥികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്.
എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണമെന്ന് വിമാനക്കമ്പനി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഒരു സംഘം ഇത് പരിഗണിക്കാതെ ഇരിക്കുകയായിരുന്നു. ഇത് വിമാനജീവനക്കാരും കൗമാരക്കാരും തമ്മില്‍ വാക്കേറ്റത്തിലേക്ക് എത്തുകയും ചെയ്തു. വിദ്യാര്‍ഥികള്‍ വിമാനത്തിനുള്ളില്‍ നിന്ന് ബഹളം ഉണ്ടാക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
ബോസ്റ്റണിലെ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 30 പേരാണ് വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയത്. ഒരു രാത്രിമുഴുവന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞതിന് ശേഷമാണ് മാസ്‌ക് ധരിക്കാന്‍ യുവാക്കള്‍ സമ്മതിച്ചത്. ഇതോടെയാണ് വിമാനം പറന്നുയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker